ഐ.എന്‍.എക്‌സ് മീഡിയ കേസ്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു; ചിദംബരം ഉള്‍പ്പടെ 14 പ്രതികള്‍

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഉള്‍പ്പടെ 14 പേരെ പ്രതി ചേര്‍ത്തു കൊണ്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത. കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും.

2017 മെയ് 17- നാണ് കേസില്‍ സി.ബി.ഐ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കി എന്നായിരുന്നു ആരോപണം.ഓഗസ്റ്റ് 21-നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.ഇതുവരെയായും ചിദംബരത്തിന് ജാമ്യം ലഭിച്ചിട്ടില്ല.

പീന്നീട് എന്‍ഫോഴ്‌സ്‌മെന്റും പണം വെളുപ്പിച്ച കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്തു.അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ചിദംബരം കൊടുത്തിരുന്നെങ്കിലും ഡല്‍ഹി കോടതി അത് തള്ളുകയായിരുന്നു .അതേസമയം ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്‌ടോബര്‍ 24 വരെ നീട്ടിയിട്ടുണ്ട്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കസ്റ്റഡി നീട്ടിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ചിദംബരമുള്ളത്.