വാഹനാപകട കേസ്; നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവ്

വാഹനാപകട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. സുപ്രീംകോടതിയാണ് സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്. സിദ്ദുവിന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസിലാണ് വിധി.

ഒരുവർഷം തടവും പിഴയും നൽകണമെന്നാണ് വിധി. 1988ലാണ് വാഹനാപകടം ഉണ്ടായത്. ഗുര്‍നാം സിംഗ് എന്നയാളാണ് മരിച്ചത്. നേരത്തെ കേസില്‍ സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.

നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസിൽ സിദ്ദുവിന് മൂന്നുവർഷത്തെ തടവ് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടുകയായിരുന്നു.  തുടര്‍ന്നാണ്‌ കൊല്ലപ്പെട്ട ഗുർനാം സിംഗിന്റെ ബന്ധുക്കൾ  പുനഃപരിശോധനാ ഹർജി നൽകിയത്.