ബ്രഹ്മപുത്രയിലെ ബോട്ടപകടം; ഒരു മൃതദേഹം കണ്ടെത്തി, 70 പേരെ കാണാനില്ല, 40 പേരെ രക്ഷപ്പെടുത്തി

അസമിലെ ജോർഹട്ടിലെ ബ്രഹ്മപുത്ര നദിയിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് പ്രാദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എഴുപത് പേരെ കാണാനില്ലെന്നും 40 പേരെ രക്ഷപ്പെടുത്തിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഗുവാഹത്തിയിൽ നിന്ന് 350 കിലോ മീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതിഘട്ടിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മജൂലി – നിമതി ഘാട്ട് റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദുഃഖം രേഖപ്പെടുത്തി.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകി. നാളെ മുഖ്യമന്ത്രി അപകടസ്ഥലം സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തു.

യാത്രക്കാരെ രക്ഷിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടേയും രക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.