തമിഴ്നാട്ടില്‍ രണ്ട് പടക്ക നിര്‍മ്മാണ ശാലകളില്‍ സ്‌ഫോടനം; പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

തമിഴ്നാട്ടിലെ ശിവകാശിയ്ക്ക് സമീപം രണ്ട് പടക്ക നിര്‍മ്മാണ ശാലകളിലുണ്ടായ സ്‌ഫോടനത്തില്‍ പതിനൊന്ന് മരണം. ആദ്യ സ്‌ഫോടനത്തെ തുടര്‍ന്ന് അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ വിരുദ്‌നഗര്‍ ജില്ലയില്‍ കമ്മംപട്ടി ഗ്രാമത്തില്‍ മറ്റൊരു സ്‌ഫോടനം കൂടി സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പടക്ക നിര്‍മാണ യൂണിറ്റുകളില്‍ ചൊവ്വാഴ്ചയാണ് സ്‌ഫോടനം സംഭവിച്ചത്. ആദ്യ സ്‌ഫോടനത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായി. രണ്ടാമത്തെ സ്‌ഫോടനത്തിലാണ് പത്ത് പേര്‍ മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read more

സംഭവത്തെ തുടര്‍ന്ന് അഗ്നിരക്ഷാ സേന തീകെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുന്നു. അതേ സമയം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.