നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ പെറ്റിക്കോട്ട് ഇട്ട് വാ... ചാനല്‍ ചര്‍ച്ചയിലെ ബി.ജെ.പി വക്താവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; കലിതുള്ളി അവതാരക

ചാനല്‍ ചര്‍ച്ചയ്ക്കിടെ ലൈംഗിക പരാമര്‍ശവുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. എബിപി ന്യൂസിന്റെ റുബിക ലിയാഖത്ത് അവതരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഗൗരവ് ഭാട്ടിയയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസിന്റെ രോഹന്‍ ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഭാട്ടിയ ഒരുപാട് ബുദ്ധിമുട്ടി. ഒടുക്കം ഒന്നും പറയാന്‍ കിട്ടാതായപ്പോള്‍ നിങ്ങള്‍ക്ക് പേടിയാണെങ്കില്‍ ഒരു പെറ്റിക്കോട്ട് ഇട്ടു വരൂ എന്നാണ് ഭാട്ടിയ ഗുപ്തയോട് പറഞ്ഞത്. അതോടെ ലിയാഖത്ത് ചര്‍ച്ചയില്‍ ഇടപെടുകയും ചെയ്തു.

സ്ത്രീകളെ അപമാനിക്കുന്ന വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഭാട്ടിയയോട് ലിയാഖത്ത ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറായില്ല. പകരം തന്റെ ഭാഷയ്ക്ക് എന്താണ് കുഴപ്പമെന്ന് ലിയാഖത്തിനോട് തിരിച്ചു ചോദിക്കുകയും ചെയ്തു. എന്നാല്‍ തന്നെ പോലെ ഒരു സ്ത്രീ നയിക്കുന്ന ചര്‍ച്ചയില്‍ ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ലിയാഖത്ത് ദേഷ്യത്തോടെ പറയുകയും ചെയ്തു.

സ്ത്രീകള്‍ യുദ്ധവിമാനങ്ങള്‍ പറപ്പിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് അവരെ ദുര്‍ബലരായി ചിത്രീകരിക്കാന്‍ പെറ്റിക്കോട്ട് ധരിക്കുന്നതിനെ നിന്ദിക്കുകയാണ്. പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ അതിന് മാന്യമായി മറുപടി പറയുകയാണ് വേണ്ടത്. സ്ത്രീകളെയോ പ്രതിപക്ഷത്തെയോ നിന്ദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗും പിഡിപി അധ്യക്ഷ മഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ഭാട്ടിയയ്‌ക്കെതിരെ രംഗത്തു വന്നു. നാണംകെട്ട ലൈംഗിക പരാമര്‍ശനമാണിത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുതിര്‍ന്ന അഭിഭാഷകനായി തുടരാന്‍ താങ്കള്‍ക്ക് അവകാശമില്ലെന്ന് ജെയ്‌സിംഗ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിലുള്ള പുരുഷന്മാരെക്കാള്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടം മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായ സ്ത്രീകള്‍ക്കുണ്ടെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.