ഉപരാഷ്ട്രപതി പദത്തിൽ നിന്നും രാജിവെച്ചതായുള്ള ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നിൽ ബിജെപി നേതൃത്വവുമായുള്ള പടലപിണക്കമെന്ന് റിപ്പോർട്ട്. ജഗദീപ് ധൻകർ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടൻ വേണമെന്നും എൻഡിഎ മുന്നണിയിൽ തീരുമാനം ആയതിന് പിന്നാലെയാണ് ധൻകർ രാജിവച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നു പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻഖറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന് ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് ധൻകർ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായി ആറു മാസം മുൻപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദ്ദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
പിന്നാലെ ധൻകർ ‘പരിധി ലംഘിച്ചു’ എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം നടന്നു. തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ ഓഫിസിൽ മന്ത്രിമാർ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താൻ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്‌നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടർന്ന് ഒരു പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാർക്ക് പിന്നാലെ എൻഡിഎ ഘടകക്ഷിയിൽപ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു.
എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാൻ പാടില്ലെന്നും അടുത്ത നാല് ദിവസം ഡൽഹിയിൽ തന്നെ തുടരാനും നേതൃത്വം നിർദേശം നൽകിയിരുന്നു.
Read more
പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാർ അതിൽ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധൻകറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്ക് രാത്രി ധൻകർ എക്സ് പേജിലൂടെ തൻ്റെ രാജിക്കത്ത് പുറത്ത് വിട്ടതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണ് ഉപരാഷ്ട്രപതി തിങ്കളാഴ്ച രാത്രി രാജി പ്രഖ്യാപനം നടത്തിയത്.