ബി.ജെ.പി നേതാക്കള്‍ കാവി ഷാളിന് പകരം രക്തത്തിന്റെ നിറമുള്ള ചുവപ്പ് ഷാള്‍ ധരിക്കണം; ഡി.കെ ശിവകുമാര്‍

വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെയും രക്തച്ചൊരിച്ചിലുകളിലൂടെയും അധികാരം നേടാന്‍ ശ്രമിക്കുന്ന ബിജെപി നേതാക്കള്‍ കാവി ഷാളിന് പകരം രക്തത്തിന്റെ നിറമുള്ള ചുവപ്പ് ഷാളാണ് ധരിക്കേണ്ടതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച സംഘടിപ്പിച്ച ജനധ്വനി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നേതാക്കള്‍ കാവി ഷാളും കാവി തൊപ്പിയുമാണ് ധരിക്കുന്നത്. എന്നാല്‍ ബിജെപിക്ക് കാവി നിറവുമായി എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ബിജെപിയുടെ ചിഹ്നമായ താമര ശുദ്ധമായ ജലത്തിന് പകരം ചെളി നിറഞ്ഞ വെള്ളത്തിലാണ് വളരുന്നത്. അതുപോലെയാണ് സമൂഹത്തിന്റെ ക്രമസമാധാന നില തകര്‍ത്ത് ബിജെപി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ബി.ജെ.പിയുടെ ഒരു നേതാവും സ്വാതന്ത്ര സമരത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചിട്ടില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പണം നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടതായി തുറന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പറഞ്ഞത് സത്യമായത് കൊണ്ടാണ് നടപടി സ്വീകരിക്കാത്തത്. താന്‍ ഭരണപക്ഷത്തായിരുന്നെങ്കില്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയ എം.എല്‍.എയെ പുറത്താക്കുമായിരുന്നെന്നും ശിവകുമാര്‍ വ്യക്തമാക്കി.