ബി.ജെ.പി എന്തുകൊണ്ട് ഭാരതീയ പാർട്ടിയല്ല ?

“കോൺഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു” എന്നും അതിന്റെ നേതാക്കൾ ഇപ്പോൾ ഭൂരിപക്ഷ ആധിപത്യമുള്ള (ഹിന്ദു) നിയോജകമണ്ഡലങ്ങളിൽ നിന്ന് ന്യൂനപക്ഷ നിയോജകമണ്ഡലങ്ങളിലേക്ക് ഒളിച്ചോടുകയാണെന്നും പ്രധാനമന്ത്രി മോദിയുടെ പ്രചാരണ പ്രസ്താവന തികച്ചും ഞെട്ടിപ്പിക്കുന്നതാണ്, ജനങ്ങളുടെ യുക്തിബോധത്തിനുപകരം മതവികാരം ഇളക്കിവിടുന്ന അദ്ദേഹത്തിന്റെ മുൻ വാചാടോപങ്ങളുടെ നിലവാരം പരിശോധിക്കുമ്പോൾപ്പോലും.

ഭൂരിപക്ഷം മതവിഭാഗത്തെ ന്യൂനപക്ഷ മതങ്ങൾക്കെതിരായി തിരിക്കാനും തമ്മിലടിപ്പിക്കാനും രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ഇത്തരം നഗ്നമായ പരാമർശങ്ങൾ മുമ്പ് നടത്തിയിട്ടില്ല.

എന്നിട്ടും ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടി എല്ലായ്പ്പോഴും ദേശീയതയുടെ ആവരണം അവകാശപ്പെടുന്നു. വാസ്തവത്തിൽ, ഈ അവകാശവാദം തികച്ചും അപകടകരമായിട്ടാണവർ ഉപയോഗിക്കുന്നത്. അതിനെ എതിർക്കുന്ന ആരെയും ദേശവിരുദ്ധനായി മുദ്രകുത്തുന്നു, അല്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. ഹിന്ദു മഹാസഭ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ പ്രസ്ഥാനത്തിനും ബിജെപിയുടെ മാതൃസ്ഥാപനമായ രാഷ്ട്രീയ സ്വയം സേവക സംഘത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലെന്നത് കണക്കിലെടുക്കുമ്പോൾ ഇത് വലിയ വിരോധാഭാസമാണ്. മറ്റൊരു വസ്തുത എന്തെന്നാൽ യുക്തിപരമായ വീക്ഷണത്തിൽ ബിജെപി ഒരു ദേശീയ പാർട്ടിയോ അഥവാ ദേശീയ വീക്ഷണമുള്ള പാർട്ടിയോ അല്ല എന്നതാണ്. കാരണം അത് ഇന്ത്യൻ ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നില്ല.

എന്തുകൊണ്ടാണ് ഇന്ത്യയുടെ ദേശീയ ധാർമ്മികത ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപരമായി തന്നെ .എതിർക്കുന്നത് എന്ന ചോദ്യത്തിനുത്തരം ഇന്ത്യ മതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പബ്ലിക്കല്ല എന്നതാണ്. എന്നാൽ ബിജെപി അങ്ങനെയുള്ള ഒന്നാണ്. അതിനാൽ, ഹിന്ദു മതത്തിൽ പെട്ട ഒരാളല്ലാതെ മറ്റാർക്കും ബിജെപിയുടെ തലവനാകാനോ പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രിയാകാനോ കഴിയില്ല. ഒരു മുസ്ലീമിനോ സിഖിനോ ക്രിസ്ത്യാനിക്കോ ഒരിക്കലും ആകാൻ കഴിയില്ല. എല്ലാ ബിജെപി പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ഹിന്ദുക്കളാണ്.

അധികാരത്തിനായി മത്സരിക്കുന്ന മറ്റ് പ്രധാന ദേശീയ പാർട്ടികളുടെ സ്ഥിതി ഇതല്ല. 1984 ലെ സിഖ് കൂട്ടക്കൊലയിൽ മുഖ്യമായ പങ്കുണ്ടായിട്ടും കോൺഗ്രസിന് ഒരു സിഖ് പ്രധാനമന്ത്രിയുണ്ട്. ലോക ജനാധിപത്യ രാജ്യങ്ങളിൽ ജനസംഖ്യയിൽ 2% ൽ താഴെയുള്ള ഒരു മത സമൂഹത്തിൽ നിന്നുള്ള ഒരാൾ സർക്കാരിൻറെ തലവനാകുന്നത് വളരെ അപൂർവമാണ്.

അതുപോലെ, കോൺഗ്രസിന് മുസ്‌ലിം മുഖ്യമന്ത്രിമാരുണ്ട് (അതിന്റെ മുസ്‌ലിം എംപിമാരുടെയും എം‌എൽ‌എമാരുടെയും എണ്ണം പൊതുജനങ്ങൾ കരുതുന്നതുപോലെ ആനുപാതികമായി ഇല്ലെങ്കിലും ).

കോൺഗ്രസ് കുടുംബവാഴ്ച നിലനിക്കുന്ന പാർട്ടിയാണെന്ന സാധുവായ ഒരു വിമർശനം എല്ലായ്പ്പോഴും ബിജെപി ( മോദി മന്ത്രിസഭതന്നെ 24 % കുടുംബവാഴ്ചയാണ്) ഉയർത്താറുണ്ട്. ഒരു കുടുംബത്തിലെ അംഗത്തിന് ഏറ്റവും ഉന്നതപദവി തീറെഴുതി വെയ്ക്കുന്നത് ജനാധിപത്യവിരുദ്ധമാണെങ്കിൽ ഒരു മതത്തിൽ പെട്ട ആൾക്കു മാത്രം ഉന്നതപദവി റിസർവ്വ് ചെയ്തിരിക്കുന്നതും ജനാധിപത്യവിരുദ്ധമല്ലേ ? നിങ്ങൾ ഒരു മുഴുവൻ രാജ്യത്തെയും പ്രതിനിധീകരിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഒരു മുസ്ലീമോ സിഖോ മറ്റേതെങ്കിലും മതവിശ്വാസിയോ ബിജെപിയെ പ്രധാനമന്ത്രിയായി പ്രതിനിധീകരിക്കാത്തത്?

അടിസ്ഥാനപരമായി, ബിജെപി മുസ്ലീങ്ങളെയും സിഖുകാരെയും പ്രതിനിധീകരിക്കുന്ന പാർട്ടികളായ മുസ്ലീം ലീഗിൽ നിന്നോ അകാലിദളിൽ നിന്നോ വ്യത്യസ്തമല്ല. ഈ പാർട്ടികളിൽ ഒരു മുസ്ലീമോ സിഖോ അല്ലാതെ മറ്റാർക്കും അവരുടെ തലവനാകാൻ കഴിയില്ല.

എന്നാൽ ബിജെപിക്ക് മുസ്ലീം ലീഗും അകാലിദളും തമ്മിലുള്ള വ്യത്യാസം ബിജെപി, ഹിന്ദുക്കളുടെ ഒരു പാർട്ടി മാത്രമായിരിക്കുമ്പോൾ, അതൊരു ദേശീയ പാർട്ടിയായി കപടവേഷം കെട്ടുന്നു എന്നതാണ്.

2014 ലെ ലോക്‌സഭയിലേക്ക് ഒരു മുസ്ലീമും ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല, അല്ലെങ്കിൽ കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുസ്ലീമിനെയും ബിജെപി ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല, അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ അപ്രകാരം സംഭവിച്ചിട്ടില്ല വന്നിട്ടില്ല എന്ന വസ്തുത നിരവധി തിരഞ്ഞെടുപ്പുകൾ ഈ ഒഴിവാക്കലിന്റെ ഉദാഹരണങ്ങങ്ങളാണ്.

ഓരോ മുസ്ലീമിനെയും അഭികാമ്യനല്ലാത്ത ഒരന്യനായി നിരന്തരം മുദ്രകുത്തുന്ന പതിവ് ബിജെപി മന്ത്രിമാരിലും ബിജെപി നിയുക്ത ഗവർണർമാരിലുമെല്ലാം കാണാം. ഏറ്റവും പുതിയ ഉദാഹരണമാണ് രാഹുൽ ഗാന്ധി ഒരു മുസ്ലീമാണെന്ന ഒരു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ന്യൂനപക്ഷ അനുഭാവികളായി ചിത്രീകരിച്ച് ഹിന്ദു പിന്തുണ തേടുന്ന മോദിയുടെ പരാമർശങ്ങൾ അതിന്റെ പുനരാവർത്തനം മാത്രമാണ്. സുപ്രീം കോടതി വിധികളെയും മാതൃകാ പെരുമാറ്റച്ചട്ടത്തെയും ലംഘിച്ചു കൊണ്ട് മതമുദ്രാവാക്യം മുഴക്കിയാണ് പ്രധാനമന്ത്രി വോട്ടുചോദിച്ചത്. കഴിഞ്ഞ കാലങ്ങളിൽ പലരും മതത്തിന്റെ പേരിൽ വോട്ട് തേടിയതിന് അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും, എല്ലാ ഹിന്ദു താത്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയായി ബിജെപി സ്വയം അവതരിപ്പിക്കുന്നത് വഞ്ചനാപരമാണ്. നേരത്തെ ബ്രാഹ്മണ-ബനിയ പാർട്ടിയായി അറിയപ്പെട്ടിരുന്ന ബിജെപി പിന്നീട് ഒബിസി സമുദായത്തിൽപ്പെട്ട നരേന്ദ്രമോദി പ്രധാനമന്ത്രിയായും ദളിത് ആയ രാംനാഥ് കോവിന്ദ് പ്രസിഡന്റായും സ്ഥാനാരോഹണം ചെയ്തതോടെ സമീപകാലത്ത് വിരുദ്ധമായ ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ ശ്രമിച്ചിട്ടും അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു.

ബി.ജെ.പി ഒരു ഉയർന്ന ജാതിക്കാരുടെ പാർട്ടിയാണെന്ന് “ദി പ്രിന്റി”ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതനുസരിച്ച്, ബിജെപിയുടെ ദേശീയതല ഭാരവാഹികളിൽ 75% വും ദേശീയ എക്സിക്യൂട്ടീവിന്റെ 60%വും സംസ്ഥാന യൂണിറ്റിന്റെ 65% വും ജില്ലാ പ്രസിഡന്റുമാരും ഉയർന്ന ജാതിക്കാരാണ്. ഇതേ ഉയർന്ന ജാതി ആധിപത്യം ഉത്തർപ്രദേശ് മന്ത്രിസഭയിലും കാണപ്പെടുന്നു.

മേൽപ്പറഞ്ഞ വസ്തുതകൾ ബിജെപിയുടെ ദേശീയവാദത്തെയും ഹൈന്ദവയോഗ്യതയെയും കട മുറിക്കുന്നതാണെങ്കിൽ ഇതുവരെയെത്തിയ മോദി ഗവണ്മെന്റിനെ സംബന്ധിച്ചും അതുതന്നെയാണ്. മോദി തരംഗം എന്ന ആലസ്യത്തിൽ പുതഞ്ഞുകിടക്കുന്നതാണ് 2014 ലെ ബിജെപിയുടെ വിജയം. മോദി തരംഗത്തിന്റെ അടിസ്ഥാനം ഒരിക്കലും ദേശീയമായ ഒരു വികാരത്തെ ഉപയോഗപ്പെടുത്തുന്നതല്ല മറിച്ച് മതപരമാണ്. ഹിന്ദി മേഖലയിലും മഹാരാഷ്ട്ര, ഗുജറാത്ത് ഇവിടങ്ങളിലെല്ലാം ഇക്കാര്യം ദൃശ്യമാണ്.

കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഒറീസ, പശ്ചിമ ബംഗാൾ (164 ൽ 6 സീറ്റുകൾ), അസം ഒഴികെ മുഴുവൻ വടക്കുകിഴക്കൻ ഭാഗങ്ങളിലും ബിജെപിക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.

പൊളിറ്റിക്കൽ ഇക്കണോമിസ്റ്റ് പ്രവീൺ ചക്രവർത്തി വിശകലനം ചെയ്തതുപോലെ, 40 വർഷത്തിനിടെ 11 പൊതു തിരഞ്ഞെടുപ്പുകളിൽ, വിജയിച്ച പാർട്ടി / സഖ്യം ശരാശരി 60 ശതമാനം സീറ്റുകൾ ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നും 40% ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നും നേടി. 2014 ൽ ബിജെപി / എൻ‌ഡി‌എയ്ക്ക് 85% ഹിന്ദി സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചു, ഇത് ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ആദ്യമായാണ്.

പാർലമെന്റിലും സർക്കാർ നടപടികളിലും സ്കൂളുകളിലും ഐക്യരാഷ്ട്രസഭയിലും ഹിന്ദിയെ ദേശീയ ഭാഷയായി (ഔദ്യോഗികഭാഷകളിലൊന്ന് എന്ന പദവിക്കുപകരം) ഉയർത്താനുള്ള മോദി സർക്കാർ നടത്തിയ ശ്രമങ്ങൾ ഹിന്ദിയുടെ പേരിൽ ഹിന്ദുക്കളെയും അതുപോലെ ഇന്ത്യയെയും ബന്ധിപ്പിച്ച് വരുന്ന തിരഞ്ഞെടുപ്പുകളിൽ തെക്കൻ സംസ്ഥാനങ്ങളും ഒറീസ്സയും ബംഗാളും കൂടി കൈപ്പിടിയിലൊതുക്കുക എന്നതായിരുന്നു. ഭൂമിശാസ്ത്രപരമായ പരിമിതിയെ മറികടന്ന് ലക്ഷ്യം നേടാനാവർക്ക് സാധിക്കുമോ എന്നത് കണ്ടറിയണം.

ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് ഒരു മത ഭൂരിപക്ഷത്തെ മാത്രം പ്രതിനിധീകരിക്കുന്ന പാർട്ടിയെ അംഗീകരിക്കാൻ കഴിയില്ല. തീർച്ചയായും, ഒരു ജനാധിപത്യത്തിൽ അടിച്ചമർത്തപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജാതി / മതവിഭാഗങ്ങൾ ഉണ്ടാകും, അവ ആ ജാതി / മത സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ രൂപവത്കരണത്തിന് രൂപം നൽകുന്നു. എന്നാൽ ഒരു സമൂഹത്തിലെ ഭൂരിപക്ഷ മതം, കുറഞ്ഞത് ഇന്ത്യയിൽ, ഒരു അടിച്ചമർത്തപ്പെട്ട വിഭാഗമല്ല.

അതിനാൽ, ബിജെപിയെപ്പോലെ അതിനെ പ്രതിനിധീകരിക്കുന്ന ഏത് പാർട്ടിക്കും ഒരു ഹിന്ദു പാർട്ടിയാകാം, ദേശീയ പാർട്ടി എന്ന് അവകാശപ്പെടാൻ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അത് ഒരിക്കൽ കൂടി നിർലജ്ജം തെളിയിച്ചു.

(“THE WIRE” ൽ പ്രസിദ്ധീകരിച്ച നിസ്സിം മണ്ണത്തൂക്കാരന്റെ ലേഖനത്തിന്റെ പരിഭാഷ.)