ബി.ജെ.പി സര്‍ക്കാര്‍ പോവുകയാണെന്ന് വ്യക്തമാണ്, ജനങ്ങള്‍ വോട്ട് ചെയ്ത് മോദിക്കെതിരെയുള്ള പ്രതിഷേധം അറിയിക്കും: പ്രിയങ്കാ ഗാന്ധി

രാജ്യത്ത് ബി.ജെ.പി ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയ ശോഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ലോധി എസ്റ്റേറ്റ് മേഖലയിലുള്ള സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തില്‍ റോബര്‍ട്ട് വാദ്രയ്ക്കൊപ്പമെത്തിയാണ് പ്രിയങ്ക വോട്ടു ചെയ്തത്.

“ബി.ജെ.പി സര്‍ക്കാര്‍ പോവുകയാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ രോഷാകുലരാണ്. അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മോദി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സംസാരിക്കുന്നതിന് പകരം അതും ഇതും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ വോട്ട് ചെയ്ത ഈ സര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കും”.- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിലെ പോരാട്ടം സ്നേഹവും വിദ്വേഷവും തമ്മിലായിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞത്. “ഇതൊരു നല്ല പോരാട്ടമായിരുന്നു. മോദി ഉപയോഗിച്ചത് വിദ്വേഷവും ഞാന്‍ ഉപയോഗിച്ചതു സ്‌നേഹവുമാണ്. ഞാന്‍ വിചാരിക്കുന്നത് സ്‌നേഹം ജയിക്കുമെന്നാണ്. ജനങ്ങളാണു ഞങ്ങളുടെ യജമാനന്‍. ജനവിധി ഞങ്ങള്‍ അംഗീകരിക്കും.”- എന്നായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഔറംഗസേബ് ലേനിലെ പോളിങ് ബൂത്തിലായിരുന്നു രാഹുലിന്റെ വോട്ട്.