തോക്കേന്തി നൃത്തം ചെയ്ത എം.എല്‍.എയെ ബി.ജെ.പി പുറത്താക്കി

ഇരുകൈകളിലും തോക്കേന്തി നൃത്തം ചെയ്ത ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി പുറത്താക്കി. ഉത്തരാഖണ്ഡ് എം.എല്‍.എ പ്രണവ് സിംഗ് ചാമ്പ്യനെയാണ് പുറത്താക്കിയത്. പ്രണവ് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.

നേരത്തെ പ്രണവിനെ മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണിപ്പോള്‍. മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് നേരത്തെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ബി.ജെ.പി ഉത്തരാഖണ്ഡ് പ്രസിഡന്റ് അജയ് ഭട്ടിന്റെ നിര്‍ദേശപ്രകാരം ബി.ജെ.പി ജനറല്‍ സെക്രട്ടറി അനില്‍ ഗോയലാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ‘ അച്ചടക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി.’ എന്നാണ് അജയ് ഭട്ട് പറഞ്ഞത്.

അനുയായികള്‍ക്കൊപ്പമായിരുന്നു എം.എല്‍.എ തോക്കും പിടിച്ച് നൃത്തം ചെയ്തത്. നൃത്തത്തിനിടെ കയ്യിലുണ്ടായിരുന്ന തോക്ക് അനുയായിയുടെ കയ്യില്‍ കൊടുക്കുന്നുതും ഗ്ലാസില്‍ വെള്ളം പകര്‍ന്ന് അത് കുടിക്കുന്നതും കാണാം.

ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇങ്ങനെ ചെയ്യാനാകില്ലെന്ന് അണികള്‍ പറയുമ്പോള്‍ ഉത്തരാഖണ്ഡില്‍ തന്നെയല്ല ഇന്ത്യയില്‍ ആര്‍ക്കും ഇത് പറ്റില്ലെന്നായിരുന്നു ഇതിന് ബി.ജെ.പി, എം.പി മറുപടി നല്‍കുന്നത്.

എന്നാല്‍ സംഭവത്തിന്റെ വീഡിയോ പുറത്തായതിന് പിന്നിലെ വിഷയം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എം.എല്‍.എ ഉപയോഗിക്കുന്ന തോക്കിന് ലൈസന്‍സുണ്ടോ എന്ന കാര്യങ്ങളുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.