ത്രിപുരയുടെ സാംസ്കാരിക അത്ഭുതങ്ങളെ ബോംബിട്ട് നശിപ്പിക്കാൻ മുഗളന്മാർ ഉദ്ദേശിച്ചിരുന്നുവെന്ന് ബിപ്ലബ് കുമാർ ദേബ് 

മുഗൾ ചക്രവർത്തിമാർ ബോംബാക്രമണം നടത്തി സംസ്ഥാനത്തിന്റെ സാംസ്കാരിക അത്ഭുതങ്ങൾ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് തിങ്കളാഴ്ച അവകാശപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

“ആളുകൾക്ക് അജ്ഞാതമായ അത്ഭുതങ്ങൾ ഇപ്പോഴും ത്രിപുരയിലുണ്ട്, മുഗളന്മാർ ത്രിപുരയുടെ കലയെയും വാസ്തുവിദ്യയെയും ബോംബിട്ട് നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നു,” ബിപ്ലബ് കുമാർ ദേബ് സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ നടന്ന പരിപാടിയിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി തന്റെ അഭിപ്രായം കൂടുതൽ വിശദീകരിക്കാൻ നിന്നില്ല.

വിവാദപരമായ പരാമർശങ്ങൾ നൽകി വാർത്ത സൃഷ്ടിക്കുന്ന കാര്യത്തിൽ പേരുകേട്ട വ്യക്തിയാണ് ബി.ജെ.പി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ് . കഴിഞ്ഞ വർഷം അദ്ദേഹം കമ്മ്യൂണിസ്റ്റുകാരെ മുഗളന്മാരോടും ബ്രിട്ടീഷ് ഭരണാധികാരികളോടും ഉപമിച്ച് ഇന്ത്യൻ സംസ്കാരത്തെ തകർക്കാൻ അവർ ശ്രമിച്ചു പരാജയപ്പെട്ടുവെന്നും ആരോപിച്ചു. ഇന്റർനെറ്റും ഉപഗ്രഹങ്ങളും ഇന്ത്യയ്ക്ക് പുതിയതല്ലെന്നും മഹാഭാരത കാലം മുതൽ നിലവിലുണ്ടെന്നും അദ്ദേഹം മറ്റൊരു അവസരത്തിൽ പറഞ്ഞു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാക്കുന്നതിനെ എതിർക്കുന്ന ആളുകൾ രാജ്യത്തെ സ്നേഹിക്കുന്നില്ലെന്ന് സെപ്റ്റംബറിൽ ബിപ്ലബ് കുമാർ ദേബ് അവകാശപ്പെട്ടു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വെള്ളം പുനരുപയോഗം ചെയ്യാനും ജലാശയങ്ങളിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും താറാവുകൾ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.