നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമ പോരാട്ടത്തിന്, മകള്‍ സഹാറയെ അഭിഭാഷകയാക്കും; ബില്‍ക്കീസ് ബാനു

തനിക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനു. കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഗര്‍ഭസ്ഥ ശിശുവായിരുന്ന മകള്‍ സഹാറയെ അഭിഭാഷകയാക്കും. 50 ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസമാണ് സുപ്രീം കോടതി വിധിച്ചത്.

കോടതിവിധിക്ക് ശേഷം ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബില്‍ക്കീസ് ബാനു മനസ് പങ്കുവെച്ചത്. ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഫറാ നഖ്വി അടക്കമുള്ള പൌരത്വ കൂട്ടായ്മയുമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ 5 ലക്ഷം നഷ്ടപരിഹാരം ബില്‍ക്കീസ് ബാനു നിരാകരിച്ചിരുന്നു. ഗുജറാത്തിലെ ദഹേജ് സ്വദേശികളായ ബില്‍ക്കീസ് യാക്കൂബ് റസൂലിന്റെ കുടുംബം അഹമദാബാദിനടുത്തുള്ള രണ്‍ധിക്പൂര്‍ ഗ്രാമത്തില്‍ വെച്ച് 2002 മാര്‍ച്ച് 3നാണ് അക്രമിക്കപ്പെടുന്നത്. ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു 22 തവണ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. ബില്‍ക്കീസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികള്‍ നിലത്തടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിനും ബില്‍ക്കീസ് അന്ന് സാക്ഷിയായി. മരിച്ചെന്ന് കരുതി ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.സംഭവത്തില്‍ ഏട്ടു പ്രതികളെ 2008ല്‍ കോടതി ശിക്ഷിച്ചിരുന്നു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ബില്‍ക്കീസ് നല്‍കിയ പരാതിയില്‍ ബോംബെ ഹൈക്കോടതി പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിച്ചിരുന്നു. ബോബെ ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി ശരിവെച്ചിട്ട് പോലും ഈ ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷ നടപ്പാക്കിയിട്ടില്ലെന്ന് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.