ഗാന്ധിജിയെ അപമാനിച്ച് ബി.ജെ.പി നേതാവ്; 'മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവ്'

പ്രജ്ഞ സിംഗിന്റെ ഗോഡ്‌സെ അനുകൂല പ്രസ്താവനയ്ക്കു പിന്നാലെ ഗാന്ധിക്കെതിരെ വിവാദപരാമര്‍ശവുമായി മധ്യപ്രദേശ് ബി.ജെ.പി വക്താവ് അനില്‍ സൗമിത്ര്. മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നാണ് അനില്‍ സൗമിത്ര പറഞ്ഞത്. കോണ്‍ഗ്രസാണ് മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അങ്ങിനെയൊരു രാഷ്ട്രപിതാവിനെ ആവശ്യമില്ലെന്നും അനില്‍ സൗമിത്ര കൂട്ടിച്ചേര്‍ത്തു.

നേരത്തേ ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂര്‍ നാഥൂറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രജ്ഞയ്ക്ക് പിന്തുണയുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയും ബിജെപി എം. പി നളിന്‍ കുമാര്‍ കട്ടീലുമാണ് ഗോഡ്‌സെയെ അനുകൂല നിലാപാടുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രജ്ഞ സിംഗിന്റെ പ്രസ്താവനയെ ബി ജെ പി തള്ളിക്കളഞ്ഞിരുന്നു. അവര്‍ മാപ്പ് പറയണമെന്ന് ആവശ്യപെട്ടിരുന്നുവെങ്കിലും മാപ്പ് പറയാന്‍ അവര്‍ കൂട്ടാക്കിയിട്ടില്ല.

‘ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും’ എന്ന പ്രജ്ഞ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്ന് ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഇപ്പോൾ ഗോഡ്‌സെയെ കുറിച്ച് ചർച്ച ഉയരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം,  ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതൽ ക്രൂരനെന്നു പരിശോധിക്കണം എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്‍റെ പ്രതികരണം. ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്സെയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രജ്ഞ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.