തൃണമൂലിന് എതിരെ വോട്ട് ചെയ്യുന്നവര്‍ കരുതിയിരിക്കുക; ബി.ജെ.പിക്ക് എതിരെ ഭീഷണിയുമായി എം.എല്‍.എ

പശ്ചിമബംഗാളില്‍ തൃണമൂലിനെതിരെ വോട്ടു ചെയ്യുന്നവര്‍ക്ക് ഭീഷണിയുമായി എംഎല്‍എ. ബിജെപി അനുകൂലികള്‍ക്ക് നേരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വരാനിരിക്കുന്ന അസനോള്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുന്നവരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് വീഡിയോ. തൃണമൂല്‍ എംഎല്‍എ നരേന്‍ ചക്രബര്‍ത്തിയാണ് ആഹ്വാനം നടത്തുന്നത്. തിരഞ്ഞെടുപ്പ് യോഗത്തിലാണ് എംഎല്‍എയുടെ ഭീഷണി.

സ്വാധീനിക്കാന്‍ കഴിയാത്ത കടുത്ത ബിജെപി അനുഭാവികളെ ഭീഷണിപ്പെടുത്തണം. നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോയാല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ കരുതുമെന്ന് അവരോട് പറഞ്ഞേക്കൂ. വോട്ടിങ്ങിനു ശേഷം നിങ്ങള്‍ എവിടെയായിരിക്കും എന്നത് നിങ്ങളുടെ ഉത്തവാദിത്വമായിരിക്കുമെന്നും അവരോട് പറയുക. വോട്ട് ചെയ്യാന്‍ പോകാതിരുന്നാല്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതായി കരുതും. അങ്ങനെയായാല്‍ നിങ്ങള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല, നരേന്‍ ചക്രബര്‍ത്തി പറയുന്നു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംരക്ഷിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറയുന്നു.
കേന്ദ്രമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ ബിജെപി വിടുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തതോടെയാണ് അസനോള്‍ സീറ്റ് ഒഴിവുവന്നത്. ഏപ്രില്‍ 12ന് ആണ് ഇവിടെ തിരഞ്ഞെടുപ്പ്.