'ബംഗ്ലാദേശികള്‍ സ്വമേധയ രാജ്യം വിടുക, അല്ലെങ്കില്‍ ഞങ്ങള്‍ പുറത്താക്കും'; ഭീഷണിയുമായി മുംബൈയില്‍ എം.എന്‍.എസിന്റെ പോസ്റ്റര്‍

പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന ആഹ്വാനവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യം സ്വമേധയാ വീടാന്‍ തയ്യാറായില്ലെങ്കില്‍ അവരെ എം.എന്‍.എസ് ശൈലിയില്‍ പുറത്താക്കുമെന്ന് മുംബൈയില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുംബൈ പനവേലിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെബ്രുവരി ഒമ്പതിന് വമ്പന്‍ റാലി സംഘടിപ്പിക്കാന്‍ എം.എന്‍.എസ് തീരുമാനിച്ചിട്ടുണ്ട്.

പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്നതിനായി ഫെബ്രുവരി 9 ന് ഞങ്ങള്‍ ഒരു വലിയ റാലി നടത്തും. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഒരു ചര്‍ച്ച നടത്താം, പക്ഷേ അനധികൃതമായി പുറത്തുനിന്നുള്ള ഒരാളെ ഞങ്ങള്‍ അഭയം തേടേണ്ടത് എന്തുകൊണ്ട്? ” പൂനെയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവെ രാജ് താക്കറെ പറഞ്ഞു.

“”ഇന്ത്യ ധര്‍മ്മശാലയല്ല. ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും വരുന്ന ആളുകളെ പുറത്താക്കണം. മാനവികതയുടെ കരാര്‍ ഇന്ത്യ ഏറ്റെടുത്തിട്ടില്ല,”” താക്കറെ കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എം.എന്‍.എസ് സ്ഥാപകന്‍ രാജ് താക്കറെ, അദ്ദേഹത്തിന്റെ മകന്‍ അമിത് താക്കറെ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.