രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകം; കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റി ജെ.ഡി.യു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ലഭിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ പാര്‍ലിമെന്റില്‍ ശബ്ദമുയര്‍ത്തിയ ജനതാദള്‍ യുനൈറ്റഡും നിലപാട് മാറ്റി.

എന്‍.ഡി.എ സഖ്യകക്ഷികൂടിയായ ജെ.ഡി.യു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ലിമെന്റിലെ ഇരുസഭകളിലും എതിര്‍ത്തിരുന്നു. എന്നാല്‍ ബി.ജെ.പി തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് ജെ.ഡി.യു നാഷണല്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ രാം ചന്ദ്ര പ്രസാദ് സിംഗ് രംഗത്തുവന്നു.

“പാര്‍ലിമെന്റ് ബില്‍ പാക്കിയശേഷം വരുന്ന നിയമം രാജ്യത്തിന്റെ നിയമമാണ്. അത് എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. ഈ വിഷയത്തില്‍ ബി.ജെ.പിയുമായുള്ള ഞങ്ങളുടെ അഭിപ്രായ ഭിന്നത വെളിവാക്കുകയും എതിര്‍ത്തു വോട്ടു ചെയ്തുകൊണ്ട് അത് രേഖപ്പെടുത്തുകയും ചെയ്തതാണ്”- രാം ചന്ദ്ര പ്രസാദ് സിംഗ് എം.പി പറഞ്ഞു.

കൂടുതല്‍ പ്രത്യയശാസ്ത്ര തര്‍ക്കങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലെന്നും ബി.ജെ.പിയുമായുള്ള പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ ബിഹാറിലെ സഖ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.