'മിണ്ടാതിരിക്ക്, ഇനിയും ചോദിച്ചാല്‍ നല്ലതിനാകില്ല', ഇന്ധനവിലയെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി ബാബാ രാംദേവ്

ഇന്ധന വിലയെകുറിച്ച് മുമ്പ് നടത്തിയ അഭിപ്രായപ്രകടനങ്ങളെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി പതാഞ്ജലി സ്ഥാപകനായ ബാബ രാംദേവ്. 40 രൂപയ്ക്ക് പെട്രോളും 300 രൂപയ്ക്ക് പാചക വാതകവും ഉറപ്പാക്കുന്ന ഒരു സര്‍ക്കാരിനെ ജനങ്ങള്‍ പരിഗണിക്കണമെന്നുള്ള മുന്‍ പ്രസ്താവനയാണ് മാധ്യമപ്രവര്‍ത്തകന്‍ ഉയര്‍ത്തിയത്. ഇതാണ് ബാബാ രാംദേവിനെ ക്ഷുഭിതനാക്കിയത്. മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം.

‘അതെ, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇത്തരം ചോദ്യങ്ങള്‍ തുടരരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാനും നിങ്ങളുമായും കരാറുണ്ടോ?’ രാം ദേവ് ചോദിച്ചു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ രാംദേവ് അസ്വസ്ഥനാവുകയും മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പൊട്ടിത്തെറിക്കുകയുമായിരുന്നു.

‘ഞാന്‍ അങ്ങനെ പറഞ്ഞു. നിങ്ങള്‍ എന്ത് ചെയ്യും? മിണ്ടാതിരിക്ക്, നിങ്ങള്‍ വീണ്ടും ചോദിച്ചാല്‍ അത് നല്ലതിനല്ല. ഇങ്ങനെ സംസാരിക്കരുത്, നിങ്ങള്‍ മാന്യരായ മാതാപിതാക്കളുടെ മകനായിരിക്കണം.’ രാംദേവ് പ്രതികരിച്ചു.

‘ഇന്ധന വില കുറഞ്ഞാല്‍ നികുതി കിട്ടില്ല, പിന്നെ എങ്ങനെ രാജ്യം ഭരിക്കും, ശമ്പളം കൊടുക്കും, റോഡുകള്‍ പണിയും? അതെ, പണപ്പെരുപ്പം കുറയണം, ഞാന്‍ സമ്മതിക്കുന്നു പക്ഷേ ആളുകള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ പോലും പുലര്‍ച്ചെ 4 മണിക്ക് ഉണരുകയും രാത്രി 10 മണി വരെ ജോലി ചെയ്യുകയും ചെയ്യുന്നു,’ ചുറ്റും ഇരുന്ന അനുയായികള്‍ കൈയടിച്ചപ്പോള്‍ രാംദേവ് പറഞ്ഞു.