സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബാബ രാംദേവ്; 'നിങ്ങൾ അത്ര നിഷ്‌കളങ്കനല്ലെന്ന് കോടതിയുടെ വിമർശനം'

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ
കേസിൽ പതഞ്ജലി ആയുർവേദയുടെ ബാബ രാംദേവും, ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഭാവിയിൽ ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ഇരുവരും സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ബാബ രാം ദേവ് അത്ര നിഷ്‌കളങ്കനല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഹർജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാർ ചോദ്യങ്ങൾ ഉന്നയിച്ചത്. കോടതി നിർദ്ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചത് എന്തിനാണ് ഇരുവരോടും ജഡ്ജിമാർ ചോദിച്ചു. ഗവേഷണം നടത്തിയാണ് മരുന്നുകൾ പുറത്തിറക്കിയതെന്ന് രംദേവ് കോടതിയിൽ പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ ജയിലടക്കാൻ കോടതികൾക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നൽകി. ഒന്നും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാംദേവ് മാപ്പ് പറഞ്ഞത്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് പറഞ്ഞ കോടതി കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാൻ മാറ്റി. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നിയമത്തിനുള്ളിൽനിന്ന് കൊണ്ട് മാത്രമേ അലോപ്പതി ഉൾപ്പടെ മറ്റ് ചിത്സരീതികളെ വിമർശിക്കാവൂ എന്ന് ഇരുവരോടും സുപ്രീംകോടതി നിർദേശിച്ചു. ഏതെങ്കിലും ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ ലക്ഷ്യം വെച്ചല്ല കോടതി അലക്ഷ്യ നടപടിയെന്നും, എല്ലാവരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് നടപടിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നേരത്തെ ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർ സമർപ്പിച്ച മാപ്പപേക്ഷ കോടതി തള്ളിയിരുന്നു. ഞങ്ങൾ അന്ധരല്ലെന്ന് പറഞ്ഞ കോടതി, ഇക്കാര്യത്തിൽ മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്‌തമാക്കിയിരുന്നു. മാപ്പപേക്ഷ ആദ്യം മാധ്യമങ്ങൾക്ക് അയച്ച ബാബ രാംദേവിന്റെ നടപടിയിലും കോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തിന് ഉത്തരാഖണ്ഡിലെ ലൈസൻസിങ് അധികൃതരെ കടുത്തഭാഷയിൽ കോടതി വിമർശിച്ചിരുന്നു.