അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്; അവസാന നിമിഷം ഉദ്ധവ് താക്കറെക്കും ക്ഷണമെത്തി; പങ്കെടുക്കില്ലെന്ന് തീരുമാനം

വിവാദങ്ങള്‍ക്കിടെ അവസാന നിമിഷം ശിവസേന തലവന്‍ ഉദ്ധവ് താക്കറെക്ക് അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്ധവ് താക്കറെക്ക് സ്പീഡ് പോസ്റ്റില്‍ ക്ഷണമെത്തിയത് ശനിയാഴ്ചയായിരുന്നു.

ചടങ്ങില്‍ ക്ഷണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വൈകിയെത്തിയ ക്ഷണം ഉദ്ധവ് താക്കറെയുടെ അതൃപ്തി മാറ്റിയിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് ഉദ്ധവിന്റെ തീരുമാനം. ജനുവരി 22ന് ഉദ്ധവ് നാസിക്കില്‍ തന്നെ ഉണ്ടാകുമെന്ന് ശിവസേന അറിയിച്ചു.

തിങ്കളാഴ്ച ഉദ്ധവ് താക്കറെ നാസിക്കിലെ ഭാഗൂരില്‍ സവര്‍ക്കറുടെ ജന്മസ്ഥലം സന്ദര്‍ശിക്കും. ശ്രീ കലാറാം ക്ഷേത്രത്തിലും ഗോഡ ഘട്ടിലും ആരതി പൂജ നടത്തും. അയോദ്ധ്യയിലെ തര്‍ക്കഭൂമിയ്ക്കായുള്ള പ്രക്ഷോഭത്തില്‍ ബാലാസാഹബ് താക്കറെയുടെ പങ്ക് അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.