അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം അങ്ങേയറ്റം നിരാശാജനകം; തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു: ഗൗരവ് ഗൊഗോയ്

അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി കോൺഗ്രസ് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് ഫലം വലിയ നിരാശയുണ്ടാക്കുന്നതാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. ഈക്കാര്യം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സംഘടനയെ പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഞങ്ങൾ ആഭ്യന്തരമായി കാര്യങ്ങൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ, 2026-ലെ ഈ ഫലത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും’. ഗൊഗോയ് വ്യക്തമാക്കി.