15 രാഷ്ട്രീയ നേതാക്കൾക്കെതിരെ കള്ളകേസെടുക്കാൻ ആവശ്യപ്പെട്ടു; മോദിക്കെതിരെ ആരോപണവുമായി മനീഷ് സിസോദിയ

കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ​ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രം​ഗത്ത്.

15 രാഷ്ട്രീയ നേതാക്കൾക്കെതിരേ വ്യാജ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും നരേന്ദ്ര മോദി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയെന്ന് മനീഷ് സിസോദിയ ആരോപിച്ചു.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഇവർക്കെതിരെ നടപടി എടുക്കാനാണ് നിർദ്ദേശം. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾക്കും ഡൽഹി പൊലീസിനും പ്രധാനമന്ത്രി നിർദേശം നൽകിയെന്നും സിസോദിയ പറഞ്ഞു.

ഡൽഹി പൊലീസ് മേധാവി രാകേഷ് അസ്താന പ്രധാനമന്ത്രി എൽപ്പിച്ച ജോലി ഭം​ഗിയായി നിർവിഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രിയ്ക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമാനമായ രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെയും വ്യാജ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഇനിയും റെയ്ഡുകൾ നത്താൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വാ​ഗതമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മനീഷ് സിസോദിയയുടെ ആരോപണങ്ങൾ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും എഎപി കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ബിജെപി നേതാവ് ആദേശ് ഗുപ്ത പറഞ്ഞു.