ഇന്ത്യയിലെത്തിച്ച ചീറ്റ 'ആശ' ഗര്‍ഭിണിയാണെന്ന് സൂചന, പേരിട്ടത് മോദി

നമീബിയയില്‍ നിന്ന് അടുത്തിടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലി ഗര്‍ഭിണിയാണെന്നാണ് വിവരം.

ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ഈ ചീറ്റപ്പുലിയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ആശ ഗര്‍ഭിണിയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചാല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജനിക്കാന്‍ പോകുന്ന ആദ്യ ചീറ്റപ്പുലിയായിരിക്കും അത്.

നമീബിയയില്‍ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിട്ടത്. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകള്‍ ഇന്ത്യയിലെത്തിയതോടെ 13 വര്‍ഷത്തെ പ്രയത്നമാണ് സാക്ഷാത്കരിച്ചത്.

ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്‌ഹോക് വിമാനത്താവളത്തില്‍ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാനത്താവളത്തിലിറക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു.

ചീറ്റകളില്‍ 5 പെണ്ണും 3 ആണുമുണ്ട്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. 6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും.