ഞാനൊരു തീവ്രവാദിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ താമരയ്ക്ക് വോട്ടു ചെയ്യൂ: അരവിന്ദ് കെജ്‌രിവാള്‍

ബി.ജെ.പി എം.പി പര്‍വേശ് വര്‍മ്മയുടെ തീവ്രവാദിയെന്ന് പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ . രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. തന്റെ കുടുംബത്തിനോ മക്കള്‍ക്കോ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഐഐടിയിലെ തന്റെ ബാച്ചിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ എണ്‍പത് ശതമാനത്തോളം പേര്‍ വിദേശത്ത് ജോലി തേടിപ്പോയപ്പോഴും താന്‍ രാജ്യത്തെ സേവിക്കുകയായിരുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു.

“ഇന്‍കം ടാക്‌സ് കമ്മീഷണറുടെ ജോലി ഉപേക്ഷിച്ച് അഴിമതിക്കെതിരായ പോരാട്ടം നടത്തിയതും സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയായിരുന്നില്ല”. സാധാരണക്കാര്‍ക്കുവേണ്ടി ആം ആദ്മി പാര്‍ട്ടിയുണ്ടാക്കി അധികാരത്തിലേറി അഞ്ചുവര്‍ഷം ഡല്‍ഹിയുടെ അഭിവൃദ്ധിക്കായി പ്രയത്‌നിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഭീകരവാദിയെന്ന് പരാമര്‍ശം ഏറെ വേദനിപ്പിച്ചു. ഇനിയെല്ലാം ഞാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വിടുന്നു. ഡല്‍ഹിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ എഎപിക്ക് വോട്ട് ചെയ്യുക. അതല്ല എന്നെ ഒരു തീവ്രവാദിയാണെന്ന് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യൂക”അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ ബിജെപി എംപി പര്‍വേശ് വര്‍മ്മ അരവിന്ദ് കെജ്രിവാള്‍ ഭീകരവാദിയെന്ന പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ കെജ്രിവാളിന്റെ മകളും രംഗത്തെത്തിയിരുന്നു.