ആർട്ടിക്കിൾ 370 ഇന്ത്യയ്ക്കും കശ്മീരിനും ഇടയിൽ ഉണ്ടായിരുന്ന മതിൽ, അത് ഇല്ലാതാകും: അമിത് ഷാ

ഇന്ത്യയെയും ജമ്മു കശ്മീരിനെയും തമ്മിൽ അകറ്റിയിരുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 370 ആയിരുന്നു എന്നും അത് ഇന്നത്തോടെ ഇല്ലാതാകുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി അവസാനിപ്പിച്ച് സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകി സംസാരിക്കുകയായിരുന്നു അമിത് ഷാ.

ജവഹർലാൽ നെഹ്‌റുവാണ് കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയത്, അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ പാകിസ്ഥാൻ അധിനിവേശ കശ്മീർ എന്നത് സംഭവിക്കില്ലായിരുന്നു. “ആർട്ടിക്കിൾ 370, കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിച്ചു,” ആഭ്യന്തരമന്ത്രി പറഞ്ഞു.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ഈ തീരുമാനം ശരിയാണോ അല്ലയോ എന്ന് ചരിത്രം തീരുമാനിക്കും, എന്നാൽ ഇത് ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾ സ്മരിക്കും, അമിത് ഷാ പറഞ്ഞു. അമിത്ഷായുടെ പ്രസംഗ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ സന്നിഹിതനായിരുന്നു.

ബി.ജെ.പിക്കോ നരേന്ദ്ര മോദിക്കോ പാകിസ്ഥാൻ അധിനിവേശ കശ്മീരിനെ ഉപേക്ഷിക്കാൻ കഴിയില്ല. പാകിസ്ഥാൻ അധിനിവേശ കശ്മീരിന്മേലുള്ള ഞങ്ങളുടെ അവകാശവാദം മുമ്പത്തെപ്പോലെ ശക്തമാണ്, ഷാ കൂട്ടിച്ചേർത്തു.

“ഇത് ചരിത്രപരമായ മണ്ടത്തരമല്ല … ചരിത്രപരമായ ഒരു തെറ്റ് ഞങ്ങൾ തിരുത്തുകയാണ്.” എന്നും മറ്റൊരു പ്രതിപക്ഷ നിയമസഭാംഗത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.