ഇന്ത്യ ടു ഡേയുടെ എക്‌സിറ്റ് പോള്‍ വ്യാജം: അര്‍ണബ് ഗോസ്വാമി

ഇന്ത്യ ടു ഡേയുടെ എക്‌സിറ്റ് പോള്‍ വീഡിയോ വ്യാജമാണെന്ന് റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. ചര്‍ച്ചയ്ക്കിടെ ഇന്ത്യാ ടുഡേ ചാനലിന്റെ പേരു പരാമര്‍ശിക്കാതെയായിരുന്നു അര്‍ണബിന്റെ വിമര്‍ശനം. മെയ് 19ന് പുറത്തു വരുമെന്നറിയിച്ച എക്സിറ്റ് പോളിലെ ചെറിയ ഭാഗങ്ങള്‍ ലീക്കായെന്ന തരത്തിലായിരുന്നു ഇന്ത്യാ ടുഡേയുടെ വീഡിയോ പ്രചരിച്ചത്. ബി.ജെ.പിക്ക് 200ല്‍ താഴെ സീറ്റുകളാണ് ലഭിക്കുക എന്നായിരുന്നു പ്രവചനം.

“59 ലോക്സഭ മണ്ഡലങ്ങള്‍ ഇനിയും വോട്ടു ചെയ്യാനുണ്ടെന്നിരിക്കെ, എക്സിറ്റ് പോള്‍ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് തൂക്കുസഭയുണ്ടാകുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വ്യാജ പോളല്ലേ, വ്യാജ ചാനലുകള്‍ പ്ലാന്റു ചെയ്യുന്ന വ്യാജ വാര്‍ത്തയല്ലേ.” എന്നും അര്‍ണബ് ചോദിക്കുന്നു.

എന്നാല്‍ ചോര്‍ന്നത് ഡമ്മി ഡാറ്റയാണെന്നാണ് ചാനലിന്റെ വിശദീകരണം. ” ആ ക്ലിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ ആകാംക്ഷ ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്. ആ വിവരങ്ങള്‍ക്കു വേണ്ടി ഞങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് ഡമ്മി ഡാറ്റയുള്‍പ്പെടുത്തിയുള്ള പ്രമോയാണ്. യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ കാത്തിരിക്കുക. മെയ് 19ന് നാലു മണി വരെ.” എന്നാണ് ഇന്ത്യാ ടുഡേ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.