റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വര്‍ക്ക് സൗത്ത് ഇന്ത്യയിലെ ആദ്യ ചാനല്‍ പ്രഖ്യാപിച്ചു. വിജയ് സങ്കേശ്വരിന്റെ ഉടമസ്ഥതയിലുള്ള കന്നഡ വാര്‍ത്താ ചാനലായ ദിഗ്വിജയ് ടിവിയെ ഏറ്റെടുത്തുകൊണ്ടാണ് അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ചാനല്‍ കര്‍ണാടകയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ‘റിപ്പബ്ലിക്ക് കന്നഡ’ എന്നതായിരിക്കും പുതിയ ചാനലിന്റെ പേര്. ബെംഗളൂരുവിലുള്ള ദിഗ്‌വിജയ് ടിവിയുടെ ചാനല്‍ സ്റ്റുഡിയോയില്‍ നിന്നാണ് കന്നഡ ചാനലിന്റെ പ്രഖ്യാപനം അര്‍ണാബ് നടത്തിയത്. പുതിയ ചാനല്‍ 2023 ഒക്‌ടോബര്‍ 25 കന്നഡയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്‌വര്‍ക്കാണ് തങ്ങളുടേതെന്ന് അര്‍ണാബ് ഗോസ്വാമി അവകാശപ്പെട്ടു. 438 മില്ല്യണ്‍ ആള്‍ക്കാരിലേക്ക് ചാനല്‍ നെറ്റ്‌വര്‍ക്ക് എത്തുന്നുണ്ടെന്ന് അദേഹം പറഞ്ഞു. 2016 നവംബര്‍ ഒന്നിന് ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവച്ചാണ് അര്‍ണാബ് റിപ്പബ്ലിക് എന്ന വാര്‍ത്താ ചാനല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതികളെത്തുടര്‍ന്ന് പേര് പിന്നീട് റിപ്പബ്ലിക് ടിവി എന്ന് മാറ്റി. റിപ്പബ്ലിക് ടിവിയെ ഇന്ത്യയുടെ ആദ്യത്തെ സ്വതന്ത്ര മാധ്യമമായാണ് അര്‍ണാബ് വിശേഷിപ്പിച്ചത്.
Read more
തുടര്‍ന്ന് 2017ലാണ് റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ആരംഭിക്കുന്നത്. 2019ല്‍ റിപ്പബ്ലിക്ക് ഭാരത് എന്ന പേരില്‍ ഹിന്ദി ന്യൂസ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. 2021 കൊല്‍ക്കത്തയില്‍ നിന്ന് റിപ്പബ്ലിക്ക് ബംഗ്‌ളായും റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വര്‍ക്കില്‍ നിന്നും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്വിജയ് ടിവിയെ ഏറ്റെടുത്ത് കര്‍ണാടകയില്‍ നിന്നും റിപ്പബ്ലിക്ക് കന്നഡ ന്യൂസ് ചാനല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.