നിങ്ങള്‍ ഹിറ്റ്‌ലറുടെ പുനര്‍ജന്മമാണോ? കേന്ദ്രമന്ത്രിയ്ക്ക് പ്രകാശ് രാജിന്റെ തുറന്ന കത്ത്

ബിജെപിക്കാര്‍ ഹിറ്റ്‌ലറുടെ പുനര്‍ജന്മമാണോ എന്ന് നടന്‍ പ്രകാശ് രാജ്. ഹിന്ദുത്വവും ദേശീയതയും ഒന്നാണെന്ന കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളെഴുതിയ തുറന്ന കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് പ്രകാശ് രാജ് തന്റെ പ്രതിഷേധമറിയിച്ചത്.

ഹിന്ദുത്വവും ദേശീയതയും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നും അവ ഒന്നാണെന്നും നിങ്ങള്‍ പറഞ്ഞു. എന്തിനാണ് നിങ്ങള്‍ ദേശീയതയെ മതവുമായി കൂട്ടിച്ചേര്‍ക്കുന്നത്. അപ്പോള് സ്വന്തം ദേശത്തെ കുറിച്ച് അഭിമാനിക്കുന്ന ഹിന്ദുക്കളല്ലാത്തവര്‍ക്ക് ദേശസ്‌നേഹമില്ലേ എന്ന് പ്രകാശ് കത്തില്‍ ചോദിക്കുന്നു.

ഏ.ആര്‍. റഹ്മാന്‍, അബ്ദുള്‍ കലാം, അംബേദ്കര്‍, ഖുശ്വന്ത് സിംങ് , അമൃത പ്രീതം, ഡോ വര്‍ഗീസ് കുര്യന്‍ എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. തന്നെ പോലെ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാത്തവര്‍ എന്തു ചെയ്യുമെന്നും പ്രകാശ് ചോദിക്കുന്നു. താന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നതെന്നും തങ്ങളെല്ലാം രാജ്യത്തിലെ പൗരന്മാര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ എപ്പോഴും ശബ്ദമുയര്‍ത്തുന്ന പ്രകാശ് രാജ് “ജസ്റ്റ് ആസ്‌കിങ്” എന്ന പതിവ് ഹാഷ് ടാഗോടെയാണ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “നിങ്ങളാരാണ്? എന്താണ് നിങ്ങളുടെ അജണ്ട ? ഇപ്പോഴും ജന്മങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ ജര്‍മിനിയിലെ ഹിറ്റ്‌ലറുടെ പുനര്‍ജന്മമാണോ നിങ്ങള്‍”” പ്രകാശ് രാജ് ചോദിക്കുന്നു.