'ചിലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് കൊടുക്കുമ്പോള്‍, ഞങ്ങള്‍ കൊടുക്കുന്നത് പേനയും സ്വപ്‌നങ്ങളും'-അരവിന്ദ് കെജ്‌രിവാള്‍

ചില പാര്‍ട്ടിക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കും വിദ്വേഷവും കൊടുക്കുമ്പോള്‍ ആം ആദ്മി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേനയും പുസ്തകവും ആണ് കൊടുക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജാമിയ മിലിയ സര്‍വകലാശാലയിലെ പൗരത്വനിയമപ്രക്ഷോഭത്തിനെതിരെ നടന്ന വെടിവെയ്പ്പിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍.

“ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേനയും കമ്പ്യൂട്ടറും പുതിയ സ്വപ്നങ്ങളും കൊടുക്കുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാര്‍ അവര്‍ക്ക് തോക്കും വിദ്വേഷവുമാണ് പകര്‍ന്നു കൊടുക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ക്ക് എന്താണ് വേണ്ടതെന്ന് ഫെബ്രുവരി എട്ടിന് തീരുമാനിക്കൂ” എന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന് നന്ദി പറഞ്ഞു കൊണ്ട് ലേവ്കേഷ് എന്ന വിദ്യാര്‍ത്ഥി പോസ്റ്റ് ചെയ്ത വീഡിയോ പങ്കു വെച്ചു കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഉത്തര്‍ പ്രദേശിലെ ജേവര്‍ സ്വദേശിയായ രംഭക്ത ഗോപാല്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യുവാവ് വെടിവെച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.