വക മാറ്റിയത് കോടികള്‍: റിലയന്‍സ് കമ്പനികള്‍ക്കെതിരെ അന്വേഷണം

വായ്പ വക മാറ്റിയതിന് അനില്‍ അംബാനി ഗ്രൂപ്പിലെ മൂന്നു കമ്പനികള്‍ക്കെതിരെ എസ്.ബി.ഐ അന്വേഷണം. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ 5,500 കോടിയോളം രൂപ വക മാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവര്‍ഷത്തെ ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്. ഇക്കാലയളവിലെ ഒരു ലക്ഷത്തോളം എന്‍ട്രികള്‍ പരിശോധിക്കുന്നുണ്ട്.

അത്ര അറിയിപ്പെടാത്ത ‘നെറ്റിസണ്‍’ എന്ന കമ്പനിക്ക് റിലയന്‍സ് ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് 4,000 കോടി രൂപയുടെ മൂലധനം എത്തിയതാണ് സംശയത്തിനു കാരണമായത്. മറ്റു ചില ഇടപാടുകളും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ഇതുസംബന്ധിച്ച് പരാമര്‍ശമില്ല. ഇതെല്ലാം സംശയത്തിന് ബലം കൂട്ടുന്നു.

കടക്കെണിയിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞ മേയില്‍ പാപ്പര്‍ നടപടിക്ക് തുടക്കമിട്ടിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ആകെ ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണുള്ളത്. റിലയന്‍സ് കമ്മ്യൂണിക്കേഷന് 49,193 കോടിയും റിലയന്‍സ് ടെലികോമിന് 24,306 കോടിയും ബാധ്യതയുണ്ട്. ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആസ്ഥാന മന്ദിരം വാടകയ്ക്കു നല്‍കാനും മറ്റ് ആസ്തികള്‍ വിറ്റ് പണം കണ്ടെത്താനും കമ്പനി ശ്രമിച്ചുവരികയാണ്. പരമാവധി ആസ്തികള്‍ വിറ്റ് 21,700 കോടി രൂപ സമാഹരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പിന്റെ കൈവശമുള്ള ഒമ്പത് റോഡ് പദ്ധതികളും ഇതിലുള്‍പ്പെടും.