ഭർത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യം; രണ്ടുവയസുകാരനായ മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി

ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ സ്വന്തം കുഞ്ഞിനോട് അമ്മയുടെ കൊടും ക്രൂരത. യുപിയിലെ ജെധ്‌പുര ഗ്രാമത്തിൽ രണ്ടുവയസുകാരനായ മകനെ വെട്ടിക്കൊലപ്പെടുത്തി. പ്രതിയായ അമ്മ വന്ദന ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്‌ച രാത്രിയാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിൻ്റെ ദേഷ്യത്തിലാണ് വന്ദന ദേവി മകനെ വെട്ടിയകൊലപ്പെടുത്തിയത്. വെട്ടേറ്റ കുഞ്ഞ് ഉടൻ തന്നെ മരിച്ചിരുന്നു. മകനെ കൊന്നതിനു ശേഷം വന്ദന സ്വന്തം കഴുത്ത് മുറിക്കാൻ ശ്രമിച്ചുവെന്നും ഇത് കണ്ട ഭർത്താവും കത്തികൊണ്ട് സ്വയം പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സർക്കിൾ ഓഫീസർ ഉമാശങ്കർ സിങ് പറഞ്ഞു.

ദമ്പതികളെ വാരണാസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം കഴിഞ്ഞ മെയിൽ കർണാടകയിലെ ഉത്തര കന്നഡയിലും സമാനസംഭവം നടന്നിരുന്നു. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി സംസാരശേഷിയില്ലാത്ത മകനെ മുതലകൾ നിറഞ്ഞ നദിയിലെറിയുകയായിരുന്നു. ദണ്ഡേലി താലൂക്കിലാണ് സംഭവം. സാവിത്രി എന്ന യുവതിയാണ് ഭർത്താവ് രവികുമാറുമായി വഴക്കിട്ടതിനെ തുടർന്ന് ആറുവയസുകാരനെ നദിയിലെറിഞ്ഞത്.

Read more