25 രൂപയ്ക്ക് ഉള്ളി വാങ്ങാനെത്തിയ വയോധികൻ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കിലോഗ്രിന് 25 രൂപയ്ക്ക് സബ്സിഡി നിരക്കിൽ ഉള്ളി വിൽക്കുന്നുണ്ടെന്നറിഞ്ഞ് വാങ്ങാനെത്തിയ വയോധികൻ ക്യൂനില്‍ക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ രാവിലെയാണ് സംഭവം. സാംബയ്യ (55) ആണ് മരിച്ചത്.

റൈതു ബസാറിൽ ആധാർ കാർഡിന് കിലോഗ്രാം 25 രൂപ നിരക്കിൽ ഉള്ളി വിൽക്കുമെന്ന് അറിയിച്ചിരുന്നു. ഇതെതുടർന്ന് രാവിലെ അഞ്ചു മണി മുതൽ ആളുകൾ വാങ്ങാനായി എത്തി തുടങ്ങി. ഏറെ നേരം ക്യൂവിൽ നിന്ന സാംബയ്യ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, ആളുകൾ റൈതു ബസാറുകൾക്ക് മുന്നിൽ ക്യൂവിൽ നിൽക്കുന്നത് തുടരുന്നു. വാങ്ങാനെത്തിയവർ ബഹളം വച്ചതിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് അധികാരികൾ ഉള്ളി വിൽപ്പന നടത്തുന്നത്.

മിതമായ നിരക്കിൽ ഉള്ളി വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ടിഡിപി എം‌എൽ‌എമാരും പ്രസിഡന്റും പ്രതിപക്ഷ നേതാവ് എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് മാർച്ച് നടത്തിയതിനു തൊട്ടുപിന്നാലെയാണ് സാംബയ്യയുടെ മരണം.