അഗ്നിവീറുകള്‍ കോർപ്പറേറ്റ് മേഖലക്ക് യോജിച്ച പ്രൊഫഷണലുകൾ; ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ഹ്രസ്വകാല സെെനിക പദ്ധതിയായ അ​ഗ്നിപഥിൽ നിന്ന് വിരമിക്കുന്ന അ​ഗ്ന്നീവറുകൾക്ക് തൊഴിൽ വാ​ഗ്ദാനവുമായി മഹീന്ദ്ര ​ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക്‌ ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധരാണെന്ന് ആനന്ദ് വാഗ്ദാനം ചെയ്തു. പദ്ധതിക്കെതിരെ അരങ്ങേറുന്ന അക്രമ സംഭവങ്ങളിൽ താൻ അതീവ ദുഃഖിതനാണന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയിലൂടെ അ​ഗ്നിവീരന്മാർ ആർജിക്കുന്ന അച്ചടക്കവും കഴിവും ഊർജ്ജ്വസ്വലരായി തൊഴിലെടുക്കാൻ പ്രാപ്തിയുള്ളവരാക്കി അവരെ മാറ്റുമെന്നതിൽ സംശയമില്ല. പദ്ധതിയുടെ കീഴിൽ പരിശീലനം ലഭിച്ച ആളുകളെ റിക്രൂട്ട് ചെയ്യാൻ തങ്ങൾക്ക് അതീവ താൽപ്പര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അതേസമയം അഗ്‌നിപഥ് കരസേനയിലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. രണ്ടു ബാച്ചുകളായാണ് കരസേനയില്‍ പരിശീലനം നല്‍കുക. ആഗസ്റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടത്തും. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായിട്ടാണ് പരിശീലനം. ജൂണ്‍ 24 മുതല്‍ വ്യോമസേനയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഡിസംബര്‍ 30നാണ് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുക. അടുത്ത മാസം പത്തിന് എഴുത്ത് പരീക്ഷ നടത്തും.

അ​ഗ്നിപഥ് നാവിക സേനയില്‍ ഈ മാസം 25ന് വിജ്ഞാപനമിറക്കും. ഒരുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. നവംബര്‍ ഒന്നിനാണ് പരിശീലനം തുടങ്ങുന്നത്. അഗ്‌നിപഥ് പദ്ധതിയലൂടെ നാവികസേനയിലേക്ക് വനിതകളേയും നിയമിക്കുമെന്ന് സേനയറിയിച്ചു.