റഫാലിന്റെ പേരില്‍ പാര്‍ലമെന്റിനെ കുറ്റപ്പെടുത്തി; രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് അമിത് ഷാ

റഫാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളിയതോടെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ രംഗത്ത്.

റഫാലിന്റെ പേരില്‍ പാര്‍ലമെന്റിനെ കുറ്റപ്പെടുത്തിയത് തെറ്റായിരുന്നുവെന്നും രാഷ്ട്ര താത്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസ് നേതാവ് ഇന്നത്തെ സുപ്രീം കോടതിയുടെ ശാസന പരിഗണിച്ച് രാജ്യത്തോട് മാപ്പു പറയണമെന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു. വിധി അനുകൂലമായതോടെ രണ്ട് ട്വീറ്റുകളിലൂടെയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അനാവശ്യവും അടിസ്ഥാനരഹിതവുമായ കോണ്‍ഗ്രസിന്റെ കാമ്പയിനുകള്‍ക്ക് യോജിച്ച മറുപടിയാണ് ഇന്ന് പുനഃപരിശോധനാ ഹര്‍ജിക്കു മേല്‍ സുപ്രീം കോടതിയുടെ വിധിയില്‍ വന്നതെന്നായിരുന്നു അമിത് ഷായുടെ ആദ്യ ട്വീറ്റ്.

റഫാലിന്റെ പേരില്‍ പാര്‍ലമെന്റിനെ കുറ്റപ്പെടുത്തിയത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഈ സമയം ആളുകളുടെ ക്ഷേമത്തിനായി കുറച്ചുകൂടെ നന്നായി വിനിയോഗിക്കാമായിരുന്നു. രാഷ്ട്ര താത്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസ് നേതാവ് ഇന്നത്തെ സുപ്രീം കോടതിയുടെ ശാസന പരിഗണിച്ച് രാജ്യത്തോട് മാപ്പു പറയണമെന്നും അദ്ദേഹം രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചു.