ക്രമസമാധാനത്തില്‍ യോഗി യുപിയെ ഒന്നാം സ്ഥാനത്തെത്തിച്ചു; ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നത് പാവങ്ങൾക്കു വേണ്ടിയെന്ന് അമിത് ഷാ

യോഗി ആദിത്യനാഥും സംഘവും ക്രമസമാധാനത്തിൽ ഉത്തർപ്രദേശിനെ ഒന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവങ്ങൾക്കു വേണ്ടിയാണ് യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് യുപി മുഖ്യമന്ത്രിയെ അമിത് ഷാ പ്രശംസകൊണ്ട് മൂടിയത്.

ഉത്തർപ്രദേശിനെ വികസിത സംസ്ഥാനമാക്കുമെന്ന് 2017ൽ ബിജെപി വാഗ്ദാനം ചെയ്തതാണ്. സംസ്ഥാനത്തെ ക്രമസമാധാനനില ഉടച്ചുവാർക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

2019 വരെ ഞാൻ നിരവധി തവണ യുപിയിൽ യാത്ര ചെയ്തിട്ടുണ്ട്. പഴയ യുപിയെക്കുറിച്ച് എനിക്ക് നന്നായി അറിയാം. പടിഞ്ഞാറൻ യുപിയിൽ ഭീതിയുടെ അന്തരീക്ഷം നിലനിന്നിരുന്നതിനാൽ ജനങ്ങളെല്ലാം അവിടെ ഉപേക്ഷിച്ചുപോകുകയായിരുന്നു. സ്ത്രീകൾ ജീവഭയമനുഭവിച്ചിരുന്നു. ഭൂമാഫിയ പാവങ്ങളുടെ സ്ഥലങ്ങൾ തട്ടിപ്പറിച്ചു. പട്ടാപകലിൽ വെടിവയ്പ്പും കലാപങ്ങളുമടക്കമുള്ള സംഭവങ്ങൾ വ്യാപകമായിരുന്നു- അമിത് ഷാ പറഞ്ഞു.

യോഗി ആദിത്യനാഥും സംഘവും യുപിയെ ക്രമസമാധാനത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നുവെന്ന് ഇന്നിപ്പോൾ ഈ 2021ൽ അഭിമാനത്തോടെ എനിക്ക് പറയാനാകും-അമിത് ഷാ കൂട്ടിച്ചേർത്തു.