ചാന്ദ്നി ചൗക്കിൽ അൽക്ക ലാംബ പിന്നിൽ

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാന്ദ്നി ചൗക്കിൽ കോൺഗ്രസിന്റെ സ്റ്റാർ സ്ഥാനാർഥി അൽക്ക ലാംബ പിന്നിലാണ്. എ എ പിയിലെ പര്‍ലാദ് സിങ്ങാണ് ഇവിടെ മുന്നിൽ. ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക്ക ലംബയും പര്‍ലാദ് സിംഗും, ബി.എസ്.പിയുടെ സുദേഷ്, ബി.ജെ.പിയുടെ സുമന്‍ കുമാര്‍ ഗുപ്ത, എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളിൽ അല്‍ക്ക ലംബ മുന്നിൽ എത്തിയെങ്കിലും പിന്നീട് പിന്നിലേക്ക് പോയി.

2015 ലെ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയയാളാണ് അല്‍ക്ക ലംബ. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുമന്‍ കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തിയത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അല്‍ക്കലംബ പാര്‍ട്ടി വിടുന്നതും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതും.

പോളിംഗ് ബൂത്തിലേക്ക് പോവുന്നതിനിടെ തന്റെ മകനെകുറിച്ച് അസഭ്യം പറഞ്ഞ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ അല്‍ക്ക ലംബ അടിക്കാന്‍ നോക്കിയത് വിവാദമായിരുന്നു.