ബീഹാർ എം‌.എൽ‌.എയുടെ വീട്ടിൽ നിന്ന് എകെ -47ഉം ബോംബും കണ്ടെടുത്തു 

ബീഹാറിലെ സ്വതന്ത്ര എം‌.എൽ‌.എ അനന്ത് സിംഗിന്റെ കുടുംബ വീട്ടിൽ നിന്ന് പോലീസ് എകെ -47 തോക്ക്, വെടിയുണ്ടകൾ, ബോംബുകൾ എന്നിവ കണ്ടെടുത്തു. പട്ന ജില്ലയിലെ ബറിലെ ലഡ്മയിൽ മോകാമയെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര എം‌.എൽ‌.എ ആണ് അനന്ത് സിംഗ്. അതേസമയം എകെ -47 തോക്കും മറ്റും പോലീസ് തന്നെ കൊണ്ട് വച്ചതാണെന്നും കഴിഞ്ഞ 14 വർഷമായി തന്റെ പൂർവ്വിക ഭവനം താൻ സന്ദർശിച്ചിട്ടില്ലെന്നും സിംഗ് പറഞ്ഞു.

നിയമസഭാംഗമായ അനന്ത് സിംഗിന്റെ വസതിയിൽ എകെ -47 തോക്ക് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ പട്‌ന പോലീസ് സൂപ്രണ്ട് (റൂറൽ) കാന്തേഷ് കുമാർ മിശ്ര ലദ്മയിലെ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. മെറ്റൽ ഡിറ്റക്ടറുകൾ കണ്ടെത്താതിരിക്കാനായി കാർബൺ പേപ്പറിന്റെ ഷീറ്റുകളിൽ പൊതിഞ്ഞാണ് എകെ -47 തോക്ക് കണ്ടെത്തിയതെന്ന് മിശ്ര കൂട്ടിച്ചേർത്തു. എക്സ്-റേ മെഷീനുകൾക്ക് പോലും കാർബൺ പൊതിഞ്ഞ ആയുധങ്ങൾ കണ്ടെത്താൻ കഴിയില്ല, അദ്ദേഹം പറഞ്ഞു. വീണ്ടെടുക്കലിന്റെ വിശദാംശങ്ങൾ എടുക്കുന്നതിനും കണ്ടെടുത്ത ചില ബോംബുകൾ നിർവീര്യമാക്കുന്നതിനും എഫ്എസ്എൽ-ബോംബ് നിർമാർജന വിദഗ്ധരുടെ ഒരു സംഘത്തെ പട്നയിൽ നിന്ന് വരുത്തിയിട്ടുണ്ട്.

തന്റെ സ്വാധീന മേഖലയിൽ “ഛോട്ടെ സർക്കാർ (മിനി ഗവൺമെന്റ്)” എന്നറിയപ്പെടുന്ന സിംഗ്, ഭാര്യ നീലം ദേവിയെ ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മംഗറിൽ നിന്ന് ജെ.ഡി (യു) നേതാവ്, ലാലൻ സിംഗ് എന്ന അപരനാമത്തിലറിയപ്പെടുന്ന രാജീവ് രഞ്ജൻ സിംഗിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്തിയിരുന്നു. കടുത്ത മത്സരത്തിൽ ജെഡി (യു) സ്ഥാനാർത്ഥി അനന്ത് സിംഗിന്റെ ഭാര്യ ദേവിയെ 1.5 ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. ലാലൻ സിംഗിന് തന്നോട് വിരോധം ഉണ്ടെന്നും, ജെഡി (യു) നേതാവ് ലോക്കൽ പോലീസിന്റെ സഹായത്തോടെ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും അനന്ത് സിംഗ് അവകാശപ്പെട്ടു.

മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുപ്പമുള്ള ഒരു മുതിർന്ന ജെ.ഡിയു നേതാവിന്റെ മകളാണ് ലോക്കൽ പോലീസ് ഉദ്യോഗസ്ഥ, ഇവരെ ഉപയോഗിച്ച് ഇതുപോലുള്ള തെറ്റായ കേസുകളിൽ പെടുത്തി ലാലൻ സിംഗ് തന്നെ ഉപദ്രവിക്കുകയാണ് എന്നും അനന്ത് സിംഗ് പട്നയിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അധോലോക നേതാവായിരുന്ന അനന്ത് സിംഗ് പിന്നീട് രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു, നേരത്തെ ജെ.ഡി.യുവിൽ ഉണ്ടായിരുന്നു ഇദ്ദേഹം പാർട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.