ഇന്ധനവില വർദ്ധന; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങി കമ്പനികൾ

രാജ്യത്തെ വിമാന യാത്രനിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. വിമാന ഇന്ധനത്തിന്റെ വിലയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്ക് വർധിപ്പികണമെന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ സ്പേസ് ജെറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതിനു പിന്നാലെയാണ് യാത്ര നിരക്കുകൾ വർധിക്കണമെന്ന ആവശ്യവുമായി കമ്പനി രം​ഗത്തെത്തിയത്.

10-15 ശതമാനം വർധനവാണ് ടിക്കറ്റ് നിരക്കിൽ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ‘യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് വിമാനക്കമ്പനികളെ ബാധിക്കുന്നുണ്ട്. കാരണം ഞങ്ങളുടെ ​ഗണ്യമായ ചെലവ് മുഴുവനും ഡോളർ മൂല്യത്തിലാണ്.

വിമാന ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും രൂപയുടെ മൂല്യത്തകർച്ചയും മൂലം പ്രവർത്തന ചെലവ് മെച്ചപ്പെട്ട നിലയിൽ നിലനിർത്തുന്നതിന് നിരക്കുകളിൽ 10-15 ശതമാനം വർധനവ് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ സ്പേസ് ജെറ്റ് മാനേജിം​ഗ് ഡയറക്ടറും ചെയർമാനുമായ അജയ് സിം​ഗ് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 2021 ജൂണിന് ശേഷം വിമാന ഇന്ധനത്തിൽ 120 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കൊവിഡ് മാന്ദ്യത്തെ തുടർന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കമ്പനികൾക്ക് ഇന്ധനവില വീണ്ടും വർധിച്ച സാഹചര്യത്തിൽ യാത്രാനിരക്കുകൾ വർധിപ്പിക്കാതെ പിടിച്ചു നിൽക്കുക പ്രയാസമാണ്. വിമാന ഇന്ധന നികുതി ലോകത്തിലേക്ക് വെച്ച് ഏറ്റവും കൂടുതലാണ്. വിലക്കയറ്റം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്പേസ് ജെറ്റ് ആവശ്യപ്പെട്ടു. പ്രവർത്തനച്ചെലവിന്റെ 50 ശതമാനം ഇന്ധനത്തിനുവേണ്ടിയാണ് ചിലവാകുന്നതെന്നും കമ്പനി ചൂണ്ടിക്കാ‌ട്ടി