അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ഇനി ‘ടിക് ടോക് പാർട്ടി’; ടിക്ക് ടോക്കിൽ അക്കൗണ്ട് ഉള്ള ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയായി എ.ഐ.എം.ഐ.എം

സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിൽ ഔദ്യോഗികമായി വെരിഫൈഡ് അക്കൗണ്ട് തുറക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM). കൂടുതൽ യുവജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് നടപടി.

നിലവിൽ ടിക്ടോക്കിന് ഇന്ത്യയിൽ 20 കോടിയിൽ അധികം ഉപയോക്താക്കളാണുള്ളത്. 2019-ൽ ഇതുവരെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ ആപ്പാണ് ടിക് ടോക്.

എഐഎംഐഎമ്മിന്റെ ഔദ്യോഗിക ടിക് ടോക് അക്കൗണ്ടിന് ഇപ്പോൾ തന്നെ 7000 ഫോളോവേഴ്സുണ്ട്. 60,000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 75 വീഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്. പാർട്ടി പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ജനങ്ങളോട് പാർട്ടി ആസ്ഥാനമായ ദാറുസ്സലാമിലേക്ക് വരാൻ ആഹ്വാനം ചെയ്യുന്നതാണ് ഒരു വീഡിയോ.

തന്റെ പാർട്ടി ആസ്ഥാനത്തേക്കുള്ള വാതിലുകൾ ജാതി, മതഭേദമന്യേ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ഒവൈസി പറയുന്നു. ഇതിനൊപ്പം തന്നെ സബ്കെ സാത്ത്, സബ്കാ വികാസ് എന്ന പ്രധാനമന്ത്രിയുടെ വാക്യത്തെ പരിഹസിക്കുകയും ചെയ്യുന്നു.