വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്; പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കാൻ നിർദേശം

ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങളുമായി ജയിലിൽ തുടരുന്ന കവിയും ആക്​റ്റിവിസ്റ്റുമായ വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സി‌ക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും ജസ്റ്റിസ് എസ്.എസ്. ഷിൻഡെ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം. കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാർജ് ചെയ്യരുത്. സർക്കാർ ചെലവിലായിരിക്കണം ചികിത്സയെന്നും ഹൈക്കോടതി നിർദേശിച്ചു.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചെലവില്‍ 15 ദിവസത്തെ ചികിത്സയ്ക്കായി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്. ചട്ടങ്ങള്‍ക്കനുസരിച്ച് വരവരറാവുവിന്റെ കുടുംബത്തിന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും അനുവാദമുണ്ട്.

വരവരറാവുവിനെ അടിയന്തരമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കാന്‍ നേരത്തെ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റാവുവിനെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കിയത്. ഇതനുസരിച്ചാണ് ഇന്ന് തീരുമാനം കൈക്കൊണ്ടത്.

രോഗപീഡ കാരണം അവശനിലയില്‍ കഴിയുന്ന വരവര റാവുവിനെ ജയില്‍ മോചിതനാക്കി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹേമലതയും ജാമ്യം ആവശ്യപ്പെട്ട് വരവര റാവുവും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു വൈദ്യപരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന വരവര റാവുവിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സമിതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കിടപ്പുരോഗിയായ വരവര റാവു ഡയപ്പറുകൾ ഉപയോഗിക്കുന്നയാളാണെന്നും അറ്റന്‍ഡര്‍മാര്‍ ഇല്ലാത്തതിനാല്‍ 3 മാസമായി കത്തീറ്റര്‍ പോലും മാറ്റിയിട്ടില്ലായിരുന്നുവെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ഇന്ദിര ജെയ്സിംഗ് കോടതിയെ ബോധിപ്പിച്ചിരുന്നു. മറവിരോഗവും മൂത്രാശയരോഗവും അലട്ടുന്ന വരവര റാവു ജയിലിലെ മുറിയില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ നരകിക്കുകയാണെന്ന് ഇന്ദിരാ ജയ്സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു. നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാവുവിനെ രോഗം ഭേദമാകുന്നതിനുമുമ്പ് ജയിലിലേക്ക് മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

2018 ഓഗസ്റ്റിലാണ് ഭിമ-കൊറേഗാവ് കേസ് അന്വേഷിക്കുന്നതിനിടെ വരാവര റാവുവിനെയും മറ്റ് കുറച്ചുപേരെയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെപേരില്‍ പുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു.