അഗ്നിപഥ്; വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായി കേന്ദ്രം, പ്രായപരിധി ഉയര്‍ത്തി

ഹ്രസ്വകാല സായുധസേന നിയമനത്തിനായുള്ള അഗ്നിപഥ് പദ്ധതിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി 21ല്‍ നിന്ന് 23ആക്കി ഉയര്‍ത്തി. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇളവ് ഒരു വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നത്.

യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണം തെറ്റാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തേക്ക് മാത്രമായി പ്രതിവര്‍ഷം 46000 യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഈ നയത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബിഹാറിലും ഡല്‍ഹിയിലും യു.പിയിലും അടക്കം പ്രതിഷേധം നടന്നിരുന്നു. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട നിസാമുദിന്‍ എക്‌സ്പ്രസ് ഗ്വാളിയാറില്‍ വെച്ച് ആക്രമിക്കപ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് തീവച്ചു. സരന്‍ ജില്ലയില്‍ പാസഞ്ചര്‍ ട്രെയ്‌നിന് തീയിട്ടു. ബിഹാറിലെ നവാഡയില്‍ ബിജെപി എം.എല്‍.എയുടെ വാഹനംതകര്‍ത്തു. 22 ട്രെയിനുകള്‍ റദ്ദാക്കി, 5 ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. റെയില്‍ പാളങ്ങളും റോഡുകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

ഹരിയാനയില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു.34 ട്രൈയിനുകള്‍ റദ്ദാക്കി. 36 ട്രെയിനുകള്‍ വൈകിയോടുന്നു. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.