മണിപ്പൂരില്‍ കലാപതീ അണയുന്നില്ല; അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി; സംസ്ഥാനത്തെത്തി സിബിഐ ഡയറക്ടര്‍

മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന കലാപത്തിന് ശമനമില്ലാതായതോടെ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയാണ് പുതിയ പ്രഖ്യാപനം. സൈന്യത്തിനും കലാപം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് അഫ്സ്പ നീട്ടിയത്.

രണ്ട് വിദ്യാര്‍ത്ഥികളെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് വീണ്ടും കഴിഞ്ഞ ദിവസം കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അഞ്ച് മാസത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ
മെയ്തെയ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ജൂലൈയിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതെയായത്. ഇരുപതും പത്തൊന്‍പതും വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ ഒളിച്ചോടിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കുന്നതിനായി സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും സംഘവും ഇന്ന് മണിപ്പൂരില്‍ എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കൊലപാതക വിവരം പുറംലോകം അറിഞ്ഞതോടെ വന്‍ പ്രക്ഷോഭങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കൊലപതകങ്ങള്‍ക്ക് പിന്നില്‍ കുക്കി തീവ്രസംഘടനകളാണെന്ന് ആരോപിച്ച് പ്രതിഷേധം തുടരുകയാണ്. നേരത്തെ നടന്ന കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റ് നിരോധനം നീക്കിയതോടെ പുറത്തുവന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും ഇംഫാലില്‍ മെയ്തെയ് യുവാക്കളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് മണിപ്പൂരില്‍ 24 എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.

ജൂലൈയില്‍ മണിപ്പൂരില്‍ നിന്ന് കാണാതായ മെയ്തി വിഭാഗത്തില് നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍ ഇരുവരും ഇരിക്കുന്ന ഫോട്ടോയും മരിച്ച നിലയില്‍ കിടക്കുന്ന ഫോട്ടോയുമാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പിന്നില്‍ തോക്കുമായി നില്‍ക്കുന്നവരെ തിരിച്ചറിയുന്നതിനായി പൊലീസ് അത്യാധുനിക സൈബര്‍ ഫൊറന്‍സിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് വിവരം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായി ആരും മുന്നോട്ടുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.