ഹിന്‍ഡെന്‍ബെര്‍ഗ് അടിയേറ്റ് ഉയര്‍ന്നപ്പോള്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പഞ്ച് ഇടി; തകര്‍ന്നടിഞ്ഞ് അദാനിയുടെ ഓഹരികള്‍; പത്ത് കമ്പനികളിലും കരടികള്‍; 35,600 കോടിയുടെ നഷ്ടം

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ വീണ്ടും ആരോപണം ഉയര്‍ന്നതോടെ ഗ്രൂപ്പിന്റെ കീഴിലുള്ള പത്ത് ഓഹരികളും കുത്തനെ ഇടിഞ്ഞു. അദാനി ഓഹരികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ പുറത്തായതിന് പിന്നാലെയാണ് വന്‍ തിരിച്ചടി നേരിട്ടത്. ലോകമാകെയുള്ള അന്വേഷണ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റാണ് ഇക്കുറി അതീവ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്

വിപണി മൂലധനത്തില്‍ 35,600 കോടി രൂപയുടെ ഇടിവാണ് 10 കമ്പനികള്‍ രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 3.73 ശതമാനം ഇടിഞ്ഞ് 2419.25 രൂപയിലെത്തി. അദാനി പോര്‍ട്ട്‌സ് 3.24 ശതമാനം ഇടിഞ്ഞ് 792.20 രൂപയിലും അദാനി പവര്‍ 2.16 ശതമാനം ഇടിഞ്ഞ് 321.30 രൂപയിലുമെത്തി.

അദാനി എനര്‍ജി സൊല്യൂഷന്‍സ് (അദാനി ട്രാന്‍സ്മിഷന്‍) 3.53 ശതമാനവും ഇടിഞ്ഞു. അദാനി ഗ്രീന്‍ 4.37 ശതമാനം ഇടിഞ്ഞ് 928.25 രൂപയിലെത്തി. അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, എന്‍.ഡി.ടി.വി എന്നിവ 2.19 ശതമാനം ഇടിഞ്ഞ് 214 രൂപയിലെത്തി.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍, അദാനി എനര്‍ജി സോലൂഷന്‍സ്, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍.ഡിടിവി, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ് വന്‍ തിരിച്ചടി നേരിട്ടത്.

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകള്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മമായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒ.സി.സി.ആര്‍.പി) ആണ് പുറത്തുവിട്ടത്. തായ് വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാന്‍ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയവര്‍.

മൗറീഷ്യസില്‍ ഉള്‍പ്പെടെ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്നതും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട്-സെല്ലര്‍ കമ്പനിയായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.

തുടര്‍ന്ന്, അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. ഏകദേശം 15,000 കോടി ഡോളറോളം അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്ന് കൊഴിഞ്ഞു. പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണവുമുണ്ടായി. ഇതിന്മേലുള്ള നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കുകയുമാണ്.

Read more

ഓഹരികള്‍ വിറ്റഴിച്ചും കടബാദ്ധ്യതകള്‍ മുന്‍കൂറായി വീട്ടിയും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ണേഴ്സ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയില്‍ നിന്ന് നിക്ഷേപം നേടിയും നഷ്ടം കുറയ്ക്കാനും നിക്ഷേപക വിശ്വാസം തിരികെപ്പിടിക്കാനും അദാനി ഗ്രൂപ്പ് ശ്രമം നടത്തുകയാണ്. എങ്കിലും, ഇപ്പോഴും 10,000 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തലുകള്‍.