ഉത്തർപ്രദേശിൽ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; 18 മരണം

ഉത്തർപ്രദേശിൽ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി 18 മരണം. അമിതവേഗത്തെ തുടർന്ന്​ നിയന്ത്രണം വിട്ട ട്രക്ക് നിർത്തിയിട്ടരുന്ന ബസിന് മുന്നിൽ ഇടിക്കുകയായിരുന്നു. ബസിനു മുന്നിൽ ഉറങ്ങി കിടന്നിരുന്നവർക്ക് മുകളിലൂടെ ട്രക്കും ബസും കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ത്തർപ്രദേശ്​ തലസ്ഥാനമായ ലഖ്​നോയിൽനിന്ന്​ 28 കിലോമീറ്റർ അകലെ ബാരബങ്കിയില്‍ പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. 19 തൊഴിലാളികൾക്ക്​ പരിക്കേല്‍ക്കുകയും ചെയ്തു.

ബിഹാറിലെ സീതാമഢി, സഹർസ മേഖലകളിൽനിന്നുള്ളവരാണ് മരിച്ച തൊഴിലാളികൾ. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങിയത്. ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിച്ച്, പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോവുകയായിരുന്നു.

ബസിനടിയിൽകുടുങ്ങിയവരെ ഏറെ വൈകിയാണ്​ പുറത്തെടുത്തത്​. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക്​ അതിഗുരുതരമാണെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.