ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം: നാല് പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ അപകടം. നാല് പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. പരിക്കേറ്റവരെ ബെല്ലാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ചികിത്സാ സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റര്‍ പിന്നിട്ടു. വടക്കന്‍ കര്‍ണാടകയിലെ ജോഡോ യാത്രയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തു. ആന്ധ്ര, കര്‍ണാടക അതിര്‍ത്തി മേഖലയിലൂടെയാണ് ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്.

ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ നടക്കും. എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിംഗ്.

ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് വോട്ടവകാശമുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് ബുധനാഴ്ച വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കും. മത്സര രംഗത്തുള്ള മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും വോട്ടുറപ്പിക്കാന്‍ അവസാനവട്ട പ്രചാരണത്തിലാണ്.