ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ അപകടം: സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ അപകടകത്തിൽ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈമാറും. പരിക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും. സംഭവകത്തിൽ രാഷ്ട്രപതി ദ്രൌപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

ശ്രീകാകുളത്ത് നിന്ന് 80 കിലോമീറ്റർ അകലെ കാസി ബുഗ്ഗ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടായിരം മുതൽ മൂവായിരം വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്ഷേത്രത്തിൽ കാൽലക്ഷത്തോളം പേർ എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു. തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 10 ആയി. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെ മരിച്ചവരിലുണ്ട്. 15 പേർക്ക് പരിക്കേറ്റു.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കവും ദുഃഖവും രേഖപ്പെടുത്തി. കാർത്തിക മാസത്തിലെ ഏകാദശിയായ ഇന്ന് നിരവധി പേരാണ് അമ്പലത്തിലെത്തിയത്. എന്നാൽ ആളുകളുടെ എണ്ണം മൂലമുള്ള തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ അമ്പലത്തിൽ ഉണ്ടായിരുന്നില്ല. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാരിക്കേഡുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഈ ബാരിക്കേഡുകളിലേക്ക് ആളുകൾ തിക്കിത്തിരക്കി വീണതാണ് അപകടത്തിന് കാരണമായത്.

Read more

12 ഏക്കര്‍ വിസ്താരമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകള്‍ ക്ഷേത്ര ദര്‍ശനത്തിനെത്താറുണ്ട്.