17-ാം ലോക്‌സഭ തിരഞ്ഞെടുപ്പ്; ജനവിധി നാളെ അറിയാം

പതിനേഴാമത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി എന്താണെന്ന് നാളെ അറിയാം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മുഴുവന്‍ വോട്ടിംഗ് യന്ത്രങ്ങളോടൊപ്പം വിവി പാറ്റ് മെഷീനുകളും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത്. 2014 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവി പാറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എട്ട് ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം ഉപയോഗിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം ഉച്ചക്ക് മുമ്പ്  തന്നെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണിയ ശേഷം മാത്രമേ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ നടക്കു. ഒരു മണ്ഡലത്തിലെ അഞ്ച് വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് യന്ത്രത്തിലെ ഫലവുമായി ഒത്തു നോക്കുകയും ചെയ്യും. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അനുസരിച്ച് അവസാന റൌണ്ട് വോട്ടണ്ണലിന് ശേഷമെ ഈ താരതമ്യം നടക്കുകയുള്ളു.