സുശാന്തിനെ കുറിച്ച്‌ വ്യാജ ട്വീറ്റുകൾ; ആജ് തക്കിന് എതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തി

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട വ്യാജ ട്വീറ്റുകൾ സംപ്രേഷണം ചെയ്തതിന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി (എൻ‌ബി‌എസ്‌എ) ന്യൂസ് ചാനൽ ആജ് തക്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. മാപ്പ് പറയാനും ചാനലിനോട് ആവശ്യപ്പെട്ടു.

ട്വീറ്റുകൾ സംപ്രേഷണം ചെയ്യുന്നതിനും അത് സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെടുത്തുന്നതിനും മുമ്പ് ആജ് തക് ആവശ്യമായ ജാഗ്രത പ്രകടിപ്പിച്ചിട്ടില്ലെന്ന് എൻ‌ബി‌എസ്‌എ ഒക്ടോബർ 6- ലെ ഉത്തരവിൽ പറയുന്നു.

അതേ പ്രോഗ്രാമുകളുടെ വീഡിയോകൾ പ്രക്ഷേപകരുടെ വെബ്‌സൈറ്റിൽ, യൂട്യൂബ്  അല്ലെങ്കിൽ മറ്റ് ലിങ്കുകളിൽ ഹോസ്റ്റു ചെയ്തിട്ടുണ്ടെങ്കിൽ,  ഉടനടി നീക്കം ചെയ്യണമെന്നും ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി ഉത്തരവിട്ടു.

ടെലികാസ്റ്റ് കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളിൽ ക്ഷമാപണം ടെലികാസ്റ്റ് ചെയ്തതിന്റെ തെളിവ് കോംപാക്റ്റ് ഡിസ്കിൽ ആജ് തക് സമർപ്പിക്കേണ്ടതാണ്.

ആജ് തക്കിനൊപ്പം ഇന്ത്യ ടിവി ന്യൂസും മാർഗ്ഗനിർദ്ദേശങ്ങളുടെ “അതിരുകടന്ന ലംഘനങ്ങൾക്കും” പ്രത്യേകിച്ചും സുശാന്തിന്റെ മൃതദേഹത്തിന്റെ ഫോട്ടോകൾ കാണിച്ചതിന് മാപ്പ് പറയണമെന്നും എൻ‌ബി‌എസ്‌എ പറഞ്ഞു. സംപ്രേഷണം ചെയ്ത നിർദ്ദിഷ്ട പരിപാടികളുടെ പശ്ചാത്തലത്തിൽ സീ ന്യൂസ്, ന്യൂസ് 24 എന്നീ ചാനലുകളോട് ക്ഷമാപണം നടത്തേണ്ടി വരുമെന്നും എൻ‌ബി‌എസ്‌എ പറഞ്ഞു. ന്യൂസ് നേഷൻ, എബിപി ന്യൂസ് എന്നിവയ്ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ സംയമനം പാലിക്കണമെന്ന് സെപ്റ്റംബർ 3- ന് ബോംബെ ഹൈക്കോടതി വാർത്താ ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു.