മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് അധ്യാപികയിൽ നിന്ന് 2.27 കോടി രൂപ തട്ടിയതായി പരാതി. പല കാരണങ്ങൾ പറഞ്ഞാണ് യുവാവ് പണം വാങ്ങിയത്. 59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്കു ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ ഒപ്പം താമസിച്ചിരുന്നില്ല. ബെംഗളൂരുവിൽ ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ചാണ് അധ്യാപിക മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്.
യുഎസ് പൗരനായ അഹൻ കുമാർ എന്ന വ്യക്തിയാണ് പണം തട്ടിയത്. ഇയാൾ 2019 ഡിസംബർ മുതൽ അറ്റ്ലാന്റയിൽ താമസിക്കുകയാണ്. തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് അയാൾ എന്ന് പരിചയപ്പെടുത്തുകയായിരുന്നു.
2020 ജനുവരി മുതലാണ് യുവാവ് പണം ചോദിച്ച് തുടങ്ങുന്നത്. ഭക്ഷണത്തിനു പോലും പണമില്ല എന്ന കാരണത്താലാണ് അദ്ധ്യാപിക ആദ്യം പണം അയച്ചിരുന്നത്. പിന്നീട് മറ്റു പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഏകദേശം 2.27 കോടി രൂപ ഇത്തരത്തിൽ അധ്യാപിക അയാൾക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു.
Read more
പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ തരാൻ അയാൾ തയാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.







