കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണം; തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ

കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമെന്ന് സൂചന. മരിച്ചയാളുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. 2019ലെ ഐ.എസ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്ത ഉക്കടം സ്വദേശി ജമീഷ മുബിന്‍ ആണ് ആക്രമണത്തില്‍ മരിച്ചത്. ഇന്നലെ രാവിലെയാണ് കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായത്.

പൊട്ടാത്തതുള്‍പ്പെടെ രണ്ട് എല്‍പിജി സിലിണ്ടറുകളും സ്റ്റീല്‍ ബോളുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍, കരി എന്നിവ വ്യക്തമല്ലാത്ത അളവില്‍ കണ്ടെടുത്തതായും ഡിജിപി പറഞ്ഞു.

ഇതിനെ തുടര്‍ന്ന് ദീപവലി ആഘോഷങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്തെ സുരക്ഷ കര്‍ശ്ശനമാക്കി. പോലീസിന് ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലെ പരിശോധനയും കടുപ്പിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി സി.ശൈലേന്ദ്രബാബു നേരിട്ടാണ് സുരക്ഷാ ചുമതല വഹിക്കുന്നത്.

കോയമ്പത്തൂരിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെല്ലാം കര്‍ശ്ശന പരിശോധന നടത്തി വരികയാണ്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തിരിക്കുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.