ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകളുണ്ടാക്കിയെന്ന കേസ്; മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍

ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചാണ് സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിലാണ് അറസ്റ്റ് .

2002ലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സഞ്ജീവ് ഭട്ടിന് എതിരെയുള്ള ആരോപണം. ഇതേ തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഗുജറാത്ത് കലാപത്തില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ് ആര്‍ ബി ശ്രീകുമാറും ടീസ്റ്റ സെത്തല്‍വാദും അറസറ്റിലായിരുന്നു. വഞ്ചനാക്കുറ്റം, വ്യാജ തെളിവ് ഉണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്.

ഇതേ കേസിലാണ് ഇപ്പോള്‍ സഞ്ജീവ് ഭട്ടിനേയും ഉള്‍പ്പെടുത്തിയിരിക്കുകായണ്. ട്രാന്‍സ്ഫര്‍ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഭട്ടിനെ പലന്‍പുര്‍ ജയിലില്‍നിന്ന് കസ്റ്റഡിയിലെടുത്തതായും ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തിയെന്നുംഅഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചൈതന്യ മാന്‍ഡ്‌ലിക് അറിയിച്ചു.